ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്ന പൂരപ്പറമ്പ്  മഴപെയ്താല്‍ കുണ്ടും  കുഴിയും ചെളിയും, വേനലില്‍ പറപറക്കുന്ന പൊടി; ക്ഷേത്രത്തിന് കോടികള്‍ വരുമാനമുണ്ടെങ്കിലും ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂട്ടാക്കാതെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ ആദ്യം വരവേല്‍ക്കുന്നത് ലോട്ടറി കച്ചവടക്കാരും മറ്റ് സാധനങ്ങള്‍ നടന്ന് കച്ചവടം ചെയ്യുന്നവരുമാണ്.

New Update
867189c7-2bbf-4b62-b4a4-f2ddc459b2f5

ചോറ്റാനിക്കര: കേരളത്തിലെ ഭഗവതീ  ക്ഷേത്രങ്ങളില്‍വച്ച് ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്നതും കോടികള്‍ വരുമാനമുള്ളതുമായ  ക്ഷേത്രമാണ് ചോറ്റാനിക്കര ദേവീ  ക്ഷേത്രം. ദിനംപ്രതി ആയിരക്കണക്കിന്  ഭക്തജനങ്ങളാണ് കേരളത്തിനകത്ത്  നിന്നും പുറത്തുനിന്നും ക്ഷേത്രത്തിലേക്ക് എത്തുന്നത്.

Advertisment

a8b48b3f-68fc-40a4-9085-c0ef780ecb15

ക്ഷേത്രത്തില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്നത് ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള പൂരപ്പറമ്പിലാണ്. മഴപെയ്താല്‍ കുണ്ടും കുഴിയും ചെളിയും നിറഞ്ഞ പൂരപ്പറമ്പില്‍ വേണമെങ്കില്‍ നെല്ല് വിതയ്ക്കാം. 

പൂരപ്പറമ്പിലെ ഈ കുണ്ടിലും കുഴിയിലും ഇറങ്ങിക്കയറി ചെളിയും ചവിട്ടി വേണം ഭക്തജനങ്ങള്‍ക്ക്  ക്ഷേത്രമുറ്റത്തെത്താന്‍.  ക്ഷേത്രത്തിന് കോടിക്കണക്കിന് രൂപ വരുമാനമുണ്ടെങ്കിലും ഭക്തജനങ്ങള്‍ക്ക്  പാര്‍ക്കിംഗ് സൗകര്യം ഒരുക്കാന്‍ ഇതുവരെ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. 

0f9842c7-e86c-435c-9d04-0123f8f7901d

ഈ ആവശ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടി ആലോചനാശേഷി ഇല്ലാത്തവരാണോ  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്  ഭരിക്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റത്തില്ല. വലിയ വരുമാനം ഒന്നുമില്ലാത്ത പല സ്വകാര്യ ക്ഷേത്രങ്ങളും പാര്‍ക്കിംഗ് ഏരിയ  ടൈലുകള്‍ വിരിച്ച് ആകര്‍ഷകവും സൗകര്യപ്രദവുമാക്കുമ്പോഴാണ് കോടികള്‍ വരുമാനമുള്ള ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഏരിയ ഇന്നും കുണ്ടും കുഴിയും ചെളിയുമായി കിടക്കുന്നത്.  

25d58867-ca51-466b-b738-dde79939206d

മഴക്കാലം കഴിയുമ്പോള്‍ പൂരപ്പറമ്പ് നിറയെ പൊടി നിറയും. പൂരപ്പറമ്പിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളും കാറ്റും ഉയര്‍ത്തുന്ന പൊടി പടലങ്ങള്‍ തൊഴാന്‍ വരുന്നവരെ മാത്രമല്ല സമീപവാസികളെയും കച്ചവടക്കാരെയും പൊതിയും. 

ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുടെ പാര്‍ക്കിംഗ് ഏരിയകള്‍ ടൈലുകള്‍ വിരിച്ചിരിക്കുന്നത് കണ്ണുതുറന്നു കാണാനോ,  അതുപോലെ ഈ ക്ഷേത്രത്തില്‍  ചെയ്യാനോ ചെയ്യിക്കാനോ, അടിക്കടി ചോറ്റാനിക്കര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് തോന്നാത്തതിലാണ് ഭക്തജനങ്ങള്‍ക്ക് അത്ഭുതം.

219efa8c-7533-4c67-ab48-82fecbf4b72c

അതുപോലെ, ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ ആദ്യം വരവേല്‍ക്കുന്നത് ലോട്ടറി കച്ചവടക്കാരും മറ്റ് സാധനങ്ങള്‍ നടന്ന് കച്ചവടം ചെയ്യുന്നവരുമാണ്. വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയാലും തൊഴാന്‍ വരുന്നവരുടെ പുറകെ നടന്ന് ഇത്തരം കച്ചവടക്കാര്‍ ശല്യം ചെയ്യുകയാണ്.   

അതുപോലെ കിഴക്കേ നടയിലെ കൈനോട്ടക്കാരും ദര്‍ശനത്തിന്  എത്തുന്നവരെ വട്ടംചുറ്റുകയും ചുറ്റിക്കുകയും ചെയ്യുന്നത് കാണാം. യാചകരെയും  ക്ഷേത്രത്തിന്റെ പല ഭാഗങ്ങളിലും  വിന്യസിച്ചിരിക്കുന്നതായി കാണാം. മനസ്സമാധാനത്തോടെ  ക്ഷേത്രത്തില്‍ വന്നു തൊഴാന്‍ സാധിക്കാത്ത വിധം ഇത്തരം ആളുകള്‍ ഉണ്ടാക്കുന്ന  ബുദ്ധിമുട്ടുകള്‍ വേറെയും.

c38f77b6-efad-47b0-84eb-aa96c1be4f8e

ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഏരിയ അടിയന്തരമായി ടൈലുകള്‍ വിരിച്ച് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് അനുയോജ്യം  ആക്കണമെന്ന് ഭക്തജനങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട്  ആവശ്യപ്പെടുന്നു. കൂടാതെ ക്ഷേത്രത്തിന്റെ അധീനതയില്‍ വരുന്ന സ്ഥലത്തുനിന്നും   ലോട്ടറി കച്ചവടക്കാരെയും മറ്റ് സാധനങ്ങള്‍ നടന്നു വില്‍ക്കുന്ന കച്ചവടക്കാരെയും കൈനോട്ടക്കാരെയും പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Advertisment