നെടുങ്കണ്ടത്ത് മധ്യപ്രദേശ് സ്വദേശിയായ സ്ത്രീയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍

മധ്യപ്രദേശ് സ്വദേശിനി സരസ്വതി(38)യാണ് കൊല്ലപ്പെട്ടത്. 

New Update
242424

നെടുങ്കണ്ടം: കോമ്പയാര്‍ പൊന്നാങ്കാണിയില്‍ മധ്യപ്രദേശ് സ്വദേശിയായ സ്ത്രീയെ കൂടെ താമസിച്ചിരുന്ന സുഹൃത്ത് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതി(38)യാണ് കൊല്ലപ്പെട്ടത്. 

Advertisment

സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശി രാജേഷ് ലോഹാ ഠാക്കൂറി(50)നെ പോലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച രാത്രിയാണ് സംഭവം. എട്ട് ദിവസം മുമ്പാണ് രാജേഷും സരസ്വതിയും ജോലി തേടി കോമ്പയാര്‍ പൊന്നാങ്കാണിയില്‍ എത്തിയത്. ഇവരുടെ ബന്ധുക്കള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരോടൊപ്പം താമസിച്ച് മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. 

ഞായറാഴ്ച രാവിലെ മുതല്‍ ഇരുവരും മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സമയം മറ്റൊരാവശ്യത്തിന് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് ഇവരോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. 

എന്നാല്‍, രാത്രി വീണ്ടും മദ്യപിക്കുകയും രാജേഷ് സരസ്വതിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കാപ്പിക്കമ്പ് ഉപയോഗിച്ച് മര്‍ദിക്കുകയും വീണുകിടന്ന സരസ്വതിയുടെ തലയില്‍ ചവിട്ടിനില്‍ക്കുകയും ചെയ്തതായി പ്രതി പറഞ്ഞു. തലയ്ക്കേറ്റ മാരകമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാജേഷും സരസ്വതിയും ഭാര്യാഭര്‍ത്താക്കന്മാരല്ലെന്നും ഇരുവര്‍ക്കും മധ്യപ്രദേശില്‍ കുടുംബവും കുട്ടികളുമുണ്ടെന്നും പോലീസ് പറഞ്ഞു.