പീരുമേട്: വീട്ടില്‍ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മൗണ്ട് കുഴിവേലിയില്‍ പാല്‍തങ്ക(71)ത്തിന്റെ രണ്ടര പവന്‍ വരുന്ന സ്വര്‍ണമാലയും കമ്മലുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
വയോധികയുടെ വായില്‍ തുണി തിരുകിയശേഷം സ്വര്‍ണം കവരുകയായിരുന്നു. ചെവിക്ക് പരിക്കേറ്റ പാല്‍തങ്കത്തിനെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ രണ്ടംഗ മോഷണ സംഘം പാല്‍തങ്കത്തിന്റെ വായില്‍ തുണി തിരുകിയശേഷം കത്തി കാട്ടി സ്വര്‍ണം ഊരിത്തരാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇവര്‍ മാലയും കമ്മലും ഊരി നല്‍കി. മോഷണ വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
മോഷ്ടാക്കള്‍ പോയശേഷം ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന മകന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലുംമോഷ്ടാക്കളെ കണ്ടെത്താനായില്ല. പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി വണ്ടിപ്പെരിയാര്‍ പോലീസ് പറഞ്ഞു.