/sathyam/media/media_files/2025/09/30/974b0073-fbed-4314-a478-dc5a969cd9c0-2025-09-30-00-05-21.jpg)
പാലക്കാട്: പാലക്കാടിന്റെ പൈതൃകത്തിന്റെ പ്രതീകവും ജില്ലയിലെ അക്ഷര സൗഹൃദത്തിന്റെ അടിസ്ഥാനവുമായ പാലക്കാട് പബ്ലിക് ലൈബ്രറിയെ സുല്‍ത്താന്‍ പേട്ടയില്‍ നിന്നും കുടിയിറക്കാനുള്ള നീക്കത്തില്‍ ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ സൗഹൃദം ദേശീയ വേദി ശക്തമായി പ്രതിഷേധിച്ചു.
നഗര ഹൃദയത്തിലെ അക്ഷര കേന്ദ്രത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും പാലക്കാട് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല. കുടിയിറക്കല്‍ തിരുമാനം പിന്‍വലിച്ച് ,ലൈബ്രറിയുടെ പ്രവര്‍ത്തനം അവിഘ്‌നം തുടരാനും ഈ സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുവാനും നഗരസഭ മുന്നോട്ടു വരണമെന്നും ജില്ലയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പി.എസ്. സി. പഠന വിദ്യാര്‍ത്ഥികളുടേയും ആശങ്ക ദൂരീകരിക്കാന്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും വിട്ടുവീഴ്ച്ചയില്ലാത്ത അനുകൂല നിലപാട് ഉണ്ടാവണെന്നും സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിഭാഗം ഈ വിഷയത്തില്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊടുമ്പിലെ 'സൗഹൃദ കേന്ദ്ര'ത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച സൗഹൃദം ദേശീയ വേദിയുടെ ജില്ലാ പ്രസിഡന്റ് പി.വി. സഹദേവന്‍ ലൈബ്രറി സംരക്ഷണ പ്രമേയം അവതരിപ്പിച്ചു. യോഗം ഐക്യകണ്‌ഠേന ഇത് അംഗീകരിച്ചു . ജില്ലാ സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ജില്ലാ കോര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണന്‍ എസ്, ജില്ലാ ട്രഷറര്‍ കെ. മണികണ്ഠന്‍, സുഭാഷ് വി, മഹേഷ് എം, സതീഷ് വി, ശശികുമാര്‍ ജി, മന്‍സൂര്‍ പട്ടാമ്പി, നടരാജന്‍ എം, സതീഷ് അണ്ണാമലൈ , ശെ ന്തില്‍കുമാര്‍. എസ്, ബാബു . എം, എന്‍. മുരുകേശന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ വിപ്ലവ നക്ഷത്രം ഭഗത് സിംഗിനെ അദ്ദേഹത്തിന്റെ 118-ാം ജന്മ വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി യോഗം അനുസ്മരിച്ചു. സ്വാതന്ത്യ സമര നായകന്‍ കെ. മാധവന്‍ നായരെ അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായും അനുസ്മരിച്ചു. തമിഴ്‌നാട്ടിലെ കരൂര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ധനസഹായവും നല്‍കാന്‍ ബന്ധപ്പെട്ട പാര്‍ട്ടിയും സര്‍ക്കാരുകളും തയ്യാറാകണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും 'ദുരന്തം തടയല്‍' നിയമം കൊണ്ടുവരുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.