/sathyam/media/media_files/2026/03/01/55567777777777-2026-03-01-00-18-18.jpg)
തീരദേശ റെയില്‍ പാത ഇരട്ടിപ്പിക്കല്‍: ആലപ്പുഴ-മാരാരിക്കുളം റീച്ചിന്റെ എസ്റ്റിമേറ്റിനു അടിയന്തരമായി അനുമതി നല്‍കണമെന്നു കെ.സി. വേണുഗോപാല്‍ എം.പി; 215 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് അനുമതി ലഭ്യമാക്കേണ്ടത്, പാത ഇരട്ടിപ്പിക്കല്‍ വൈകുന്നത് കാരണം വിവിധ സ്റ്റേഷനുകളുടെ നവീകരണം ഉള്‍പ്പെടെ പ്രതിസന്ധിയിലായിരുന്നു
ആലപ്പുഴ: തീരദേശപാതയിലെ പ്രധാന റീച്ചായ തുറവൂര്‍ -മാരാരിക്കുളം പാതയ്ക്ക് കൂടി അനുമതിയാതോടെ ശേഷിക്കുന്ന ഭാഗത്തെ 10 കിലോമീറ്റര്‍ നീളമുള്ള ആലപ്പുഴ- മാരാരിക്കുളം റീച്ചിന്റെ 215 കോടി രൂപയുടെ എസ്റ്റിമേറ്റിനു കൂടി അടിയന്തരമായി അനുമതി നല്‍കണമെന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
തുറവൂര്‍ -മാരാരിക്കുളം പാത ഇരട്ടിപ്പിക്കല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇതുവഴിയുള്ള യാത്രാക്ലേശം ഒരു പരിധിവരെ കുറയ്ക്കാനും ചരക്കു നീക്കം വേഗത്തിലാക്കാനും കഴിയും. 21.10 കി ലോമീറ്റര്‍ നീളമുള്ള പാത ഇരട്ടിപ്പിക്കലിനായി റെയില്‍വെ 450 കോടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ 9 അധിക ട്രെയിനുകള്‍ ഇതുവഴി ഓടിപ്പിക്കാന്‍ സാധിക്കും. കൂടാതെ ഏകദേശം 2.88 മില്യണ്‍ ടണ്‍ ചരക്ക് ഗതാഗതം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും റെയില്‍വേ കണക്കു കൂട്ടുന്നു.
പാത ഇരട്ടിപ്പിക്കല്‍ നടപ്പിലാകുന്നതോടെ തിരക്ക് കുറയ്ക്കാനും ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാനും കഴിയും. ഇപ്പോഴുള്ളത് പോലെ എക്‌സ്പ്രസ് ട്രെയിനുകള്‍ കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടേണ്ടി വരില്ല. ഒറ്റവരി പാത ആയതിനാലാണ് ഇതുവഴി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വെ വിമുഖത പ്രകടിപ്പിച്ചിരുന്നത്. ഒന്നര പതിറ്റാണ്ടായി നിരന്തരം ഉന്നയിച്ചിരുന്ന ഒരു വിഷത്തിനാണ് തുക അനുവദിച്ചതിലൂടെ പരിഹാരം ആകുന്നത്.വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്നിരുന്ന പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ തുക അനുവദിക്കുന്നതിന് വേഗം വന്നത് മൂന്ന് മേഖലകളായി തിരിച്ച് പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം റെയില്‍വേ അംഗീകരിച്ചതോടെയാണ്.
പാത ഇരട്ടിപ്പിക്കല്‍ വൈകുന്നത് കാരണം വിവിധ സ്റ്റേഷനുകളുടെ നവീകരണം ഉള്‍പ്പെടെ പ്രതിസന്ധിയിലായിരുന്നു. അധിക ട്രെയിനുകള്‍ ഇതുവഴി അനുവദിക്കുന്നതോടെ തീരദേശപാതയെ ആശ്രയിക്കുന്ന യാത്രാക്കാരുടെ ദീര്‍ഘനാളത്തെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
തീരദേശപാത ഇരട്ടിപ്പിക്കല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ 2009ല്‍ കെ.സി വേണുഗോപാല്‍ ജനപ്രതിനിധിയായ കാലം മുതല്‍ തുടങ്ങിയതാണ്. കായംകുളം മുതല്‍ ഹരിപ്പാട് വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ യാഥാര്‍ത്ഥ്യമാക്കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. തുടര്‍ന്ന് ഹരിപ്പാട് മുതല്‍ അമ്പലപ്പുഴ വരെയുള്ള പാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് 57 കോടി അനുവദിപ്പിക്കുകയും ചെയ്തിരുന്നു.
തുറവൂര്‍ മുതല്‍ അമ്പലപ്പുഴ വരെയുള്ള ഭാഗത്തെ പദ്ധതി മൂന്നായി വിഭജിച്ച് ഘട്ടം ഘട്ടമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണു മുടങ്ങിപോയ പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണം. ഇതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെ 12.16 നീളത്തില്‍ പാത ഇരട്ടിപ്പിക്കലിന് 324 കോടി റെയില്‍വെ ആദ്യഘട്ടമായി അനുവദിച്ചത്. രണ്ടാംഘട്ടം എന്ന നിലയ്ക്കാണ് മാരാരിക്കുളം-തുറവൂര്‍ മേഖലയ്ക്കായി ഇപ്പോള്‍ 450 കോടി രൂപ അനുവദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us