സി.പി.ഐ. കോട്ടയം ജില്ലാ സമ്മേളന സംഘടനാ റിപ്പോര്‍ട്ടില്‍ കേരളാ കോണ്‍ഗ്രസിനു കുറ്റപ്പെടുത്തല്‍, നേതാക്കള്‍ എല്‍.ഡി.എഫിലും അണികള്‍ യു.ഡി.എഫിലുമെന്ന് വിമര്‍ശനം, മുന്നണിയില്‍ സി.പി.ഐ, സി.പി.എം. ആധിപത്യത്തിനു പൂര്‍ണമായി കീഴടങ്ങിയെന്നു ചര്‍ച്ചയില്‍ പ്രതിനിധികള്‍; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയും രൂക്ഷ വിമര്‍ശനം

ജില്ലയില്‍ ഇടതു മുന്നണിയില്‍ രണ്ടാമന്‍ ആരെന്ന തര്‍ക്കം തുടരുന്നതിനിടെയാണു കേരളാ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടുള്ള സി.പി.ഐ. റിപ്പോര്‍ട്ട്.

New Update
3c30fb2a-3567-438d-9734-da8b02850bf7

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ മാത്രമാണ് ഇടതുമുന്നണിയിലേക്കു വന്നതെന്നും അണികളില്‍ ഭൂരിഭാഗവും ഇപ്പോഴും യു.ഡി.എഫിലാണെന്ന വിമര്‍ശനം ഉന്നയിച്ചു സി.പി.ഐ. കോട്ടയം ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി വി.ബി. ബിനു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട്. 

Advertisment

ജില്ലയില്‍ ഇടതു മുന്നണിയില്‍ രണ്ടാമന്‍ ആരെന്ന തര്‍ക്കം തുടരുന്നതിനിടെയാണു കേരളാ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടുള്ള സി.പി.ഐ. റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചിട്ടും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കടുത്തുരുത്തി, പാലാ നിയമസഭാ മണ്ഡലങ്ങളില്‍ പോലും പിന്നിലായതിനു കാരണമിതാണ്.

മുന്നണിയില്‍ കേരളാ കോണ്‍ഗ്രസിനു സി.പി.എം. അമിത പ്രാധാന്യം നല്‍കി, പ്രധാന കക്ഷിയെന്ന രീതിയില്‍ അനാവശ്യ പ്രചാരണം നടത്തുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എന്നാല്‍, പ്രചാരണത്തിലേതു പോലെ ശക്തി പാര്‍ട്ടിയ്ക്കില്ലെന്നു തെളിയിക്കുന്നതായി തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ രൂക്ഷമായ കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. 

ബാറുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ കള്ളുഷാപ്പുകളുടെ കാര്യത്തില്‍ 400 മീറ്റര്‍ എന്ന ദൂരപരിധിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. കള്ളുഷാപ്പ് തൊഴിലാളികളോട് നീതിക്കു നിരക്കുന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. ചെത്ത് തൊഴിലാളികളോടുള്ള അനീതി പാര്‍ട്ടിയ്ക്കും ക്ഷീണമുണ്ടാക്കി. മദ്യ നയം മുതലാളിമാരെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.ഐ.വൈ.എഫിനെതിരേ രൂക്ഷമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മാത്രമായി സംഘടനയുടെ പ്രവര്‍ത്തനം ചുരുങ്ങി. ഡി.വൈ.എഫ്.ഐ. പൊതിച്ചോറ് വിതരണം പോലെ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ മുന്നേടുമ്പോള്‍ എ.ഐ.വൈ.എഫിന്റെ ഇടപെടല്‍ ഒരു രംഗത്തുമുണ്ടാകുന്നില്ല. 
ജില്ലാ സെക്രട്ടറി വി.ബി. ബിനു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയ്ക്കെതിരായ സ്വയം വിമര്‍ശനവുമുണ്ട്. നേതാക്കളില്‍ പലരും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നു പിന്തിരിഞ്ഞ് ആഢംബര ഭ്രമത്തില്‍ അഭിരമിക്കുകയാണ്. 

ഏറ്റുമാനൂര്‍, കടുത്തുരുത്തി മണ്ഡലങ്ങളില്‍ വിഭാഗീയത രൂക്ഷമാണെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. എന്നാല്‍, ഇതിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ പ്രാദേശിക നേതൃത്വത്തിനോ മേല്‍ഘടകങ്ങള്‍ക്കോ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈക്കം ബ്ലോക്കില്‍ മുന്നണി മര്യാദ പാലിക്കാന്‍ സി.പി.എം. തയാറായില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.

ഇടതു മുന്നണിയില്‍ സി.പി.ഐ, സി.പി.എം. ആധിപത്യത്തിനു പൂര്‍ണമായി കീഴടങ്ങി എന്നു സി.പി.ഐ. ജില്ലാ സമ്മേളനം ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉയത്തി. ബ്രൂവെറി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനു ശക്തമായി പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. മുന്നണിയിലെ മറ്റു കക്ഷികള്‍ വളര്‍ച്ചയുടെ പാതയില്‍ ആണെങ്കില്‍ പാര്‍ട്ടിയുടെ വളര്‍ച്ച എങ്ങനെയാണെന്നു വിലയിരുത്തേണ്ടതാണ്. 

തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍ എത്തിയിട്ടും സംഘടനാ വളര്‍ച്ച ഉണ്ടാക്കാന്‍ കഴിഞ്ഞോയെന്നു നേതൃത്വം ചിന്തിക്കണം. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം ഒരു മുന്നണിയായി നിന്ന കാലത്തെ ശക്തി പിന്നീടുണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

Advertisment