/sathyam/media/media_files/2025/08/13/oip-4-2025-08-13-16-28-15.jpg)
തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്ക് 20000 കോടി കണ്ടെത്താന്‍ നെട്ടോട്ടമോടുന്നതിനിടെ യുവജനക്ഷേമ ബോര്‍ഡ് ഉപേക്ഷിച്ച പദ്ധതിക്ക് 11ലക്ഷം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന 'മുഖ്യമന്ത്രിയുമായി മുഖാമുഖം' പരിപാടിയുടെ ചെലവിലേക്കാണു ബോര്‍ഡിനു 11.39 ലക്ഷം അനുവദിച്ചത്.
കഴിഞ്ഞ മേയില്‍ നടത്താനിരുന്ന പരിപാടി ഉപേക്ഷിച്ചെങ്കിലും ബോര്‍ഡ് മുന്നൊരുക്കം നടത്തിയെന്ന കാരണം പറഞ്ഞാ ണ് പണം നല്‍കിയത്. നടക്കാത്ത പരിപാടിക്ക് എന്തു ചെലവാണുണ്ടായതെന്നു യുവജന ക്ഷേമ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയോട് ചില മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചെങ്കിലും 'മാധ്യമങ്ങളോടു പറയാന്‍ കഴിയില്ല' എന്നായിരുന്നു മറുപടി.
ഇപ്പോഴത്തെ സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ് വൈസ് ചെയര്‍മാനായിരുന്ന കാലയളവിലാണ് 21 ലക്ഷം രൂപ ചെലവിട്ട് മുഖ്യമന്ത്രിയുമായി യുവജനങ്ങളുടെ മുഖാമുഖം നിശ്ചയിച്ചത്. യുവശക്തി എന്ന പേരില്‍ യുവജനശാക്തീകരണത്തിനു ബോര്‍ഡ് നടപ്പാക്കുന്ന 2 കോടിയുടെ പദ്ധതിയില്‍നിന്നു തുക ചെലവിടാനാണു തീരുമാനിച്ചിരുന്നത്. ആദ്യം മേയ് 10നു നിശ്ചയിച്ച പരിപാടി 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. മേയ് 31നു നടത്താന്‍ ആലോചിച്ചെങ്കിലും മഴ തുടങ്ങിയതോടെ പ്രതികൂല കാലാവസ്ഥയെന്ന പേരില്‍ ഉപേക്ഷിച്ചു.
പരിപാടി സംഘടിപ്പിച്ചില്ലെ ങ്കിലും ഇതിനുള്ള മുന്നൊരുക്കം നടത്തിയതിനു ബോര്‍ഡിന് 11.39 ലക്ഷം രൂപ ചെലവായെന്നു മെംബര്‍ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. ബോര്‍ഡിനു 'ചെലവായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള' തുകയായ 11.39 ലക്ഷം രൂപ അനുവദിക്കാനാണ് കഴിഞ്ഞ ദിവസം യുവജനകാര്യ വകുപ്പ് ഉത്തരവിട്ടത്. നടക്കാത്ത പരിപാടിക്ക് ഏതെല്ലാം ഇനങ്ങളിലാണ് ഇത്രയും തുക ചെലവിട്ടതെന്ന് ഉത്തരവില്‍ വ്യക്തമല്ല. ചെലവ് വെളിപ്പെടുത്താന്‍ ബോര്‍ഡ് തയാറുമല്ല.
ഇതിനിടെ ഓണത്തിന് ചിലവഴിക്കേണ്ട പണം കണ്ടെത്താന്‍ ധനവകുപ്പ് അലയുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവബത്ത എന്നിവയ്ക്ക് പുറമേ 62ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനുള്ള തുകയും കണ്ടെത്തണം. ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടെങ്കിലും തദ്ദേശത്തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന ആലോചനയും നിലവിലുണ്ട്.
ഇന്ധനക്കമ്പനികളുടെ നികുതി സമയബന്ധിതമായി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മുന്‍കൂറായി നികുതിപ്പണം ഈടാക്കും. പരമാവധി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തോടും ധനമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെയാണ് നടക്കാത്ത പരിപാടിക്ക് പണമനുവദിച്ച് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത്.