'വോട്ട് കൊള്ളയില്‍ വെറുപ്പ് മാറുമോ'; തൃശ്ശൂരിലെ വോട്ട് കൊള്ള ആരോപണത്തില്‍ സുരേഷ് ഗോപിയെ രംഗത്തിറക്കി പ്രതിരോധിക്കാന്‍ ബി.െജ.പി, കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതികരിക്കാതിരുന്ന എം.പി.  സിസ്റ്റര്‍ പ്രീത മേരിയുടെ വീട്ടില്‍, വോട്ട് കൊള്ളയും ന്യൂനപക്ഷ ഹിംസയും സുരേഷ് ഗോപിയെ ബാധിച്ചിട്ടില്ലെന്നും പാര്‍ട്ടി നേതൃത്വം;  അടുത്ത തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി വിജയിക്കുമെന്ന വെല്ലുവിളി ഉയര്‍ത്തി കെ. സുരേന്ദ്രന്‍

ജാമ്യം ലഭിച്ചെങ്കിലും കന്യാസ്ത്രീകള്‍ക്ക് എതിരായുള്ള കേസ് വ്യാജക്കേസാണെന്നും ഇത് പിന്‍വലിക്കണമെന്നുമുള്ള ആവശ്യമാണ് കുടുംബാഗങ്ങള്‍ സുരേഷ് ഗോപിക്ക് മുന്നില്‍ വെച്ചത്.

New Update
OIP (5)

തിരുവനന്തപുരം: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ട് കൊള്ള ആരോപണത്തെ നേരിടാന്‍ സുരേഷ് ഗോപിയെ രംഗത്തിറക്കി ബി.ജെ.പി സംസ്ഥാന നേതൃത്വം. കുറച്ച് നാളുകളായി തൃശ്ശൂരില്‍ എത്താതിരുന്ന സുരേഷ് ഗോപി ഇന്നലെ വോട്ട് കൊള്ള ആരോപണത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ന് മണ്ഡലത്തില്‍ എത്തിയത്. വോട്ട് കൊള്ള വിവാദത്തി ല്‍ കോണ്‍ഗ്രസ്, സി.പി.ഐ ആരോപണത്തോടെ തൃശ്ശൂരില്‍ പ്രതിരോധത്തിലായ ബി.ജെ.പി അതില്‍ നിന്നും പുറത്ത് കടക്കാന്‍ വലിയ തോതിലുള്ള നീക്കങ്ങളാണ് സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി നടത്തുന്നത്.  

Advertisment

രാവിലെ റെയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിയെ സ്വീകരിച്ചെങ്കിലും വലിയ തോതിലുള്ള പ്രവര്‍ത്തക പ്രാതിനിധ്യം അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ബി.ജെ.പി സംഘടിപ്പിച്ച തൃശ്ശൂര്‍ എസ്.പി ഓഫീസ് മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പുറമേ കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലില്‍ അടക്കപ്പെട്ട കന്യാസ്ത്രീയുടെ വീട്ടിലെത്തുകയും ചെയ്തു.

അങ്കമാലിയിലെ സിസ്റ്റര്‍ പ്രീതമേരിയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. അപ്രതീക്ഷിതമായാണ് സുരേഷ് ഗോപി ഇവിടേക്ക് എത്തിയത്. കുടുംബാഗങ്ങള്‍ക്ക് അടക്കം സന്ദര്‍ശനം സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ല. 

ജാമ്യം ലഭിച്ചെങ്കിലും കന്യാസ്ത്രീകള്‍ക്ക് എതിരായുള്ള കേസ് വ്യാജക്കേസാണെന്നും ഇത് പിന്‍വലിക്കണമെന്നുമുള്ള ആവശ്യമാണ് കുടുംബാഗങ്ങള്‍ സുരേഷ് ഗോപിക്ക് മുന്നില്‍ വെച്ചത്. കോതമംഗലത്ത് മതപരിവര്‍ത്തനമാരോപിച്ച് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. 

എന്നാല്‍ തൃശ്ശൂരിലെ വോട്ടു കൊള്ള സംബന്ധിച്ച ആരോപണത്തില്‍ ദിനം പ്രതി ഒന്നിനു പിറകേ ഒന്നായി തെളിവുകള്‍ പുറത്ത് വരികയാണ്. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് എന്ന ഫ്ളാറ്റിലെ 4സിയുടെ വാടകച്ചീട്ട് ഉപയോഗിച്ച്  9 പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഫ്ളാറ്റിലെ താമസക്കാര്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളിലൂടെ പുറത്ത് വരുന്നുണ്ട്. 

പല ഫള്ാറ്റുകളുടെ വിലാസം ഉപയോഗിച്ച് സ്ഥിരതാമസക്കാര്‍ അല്ലാത്തവരുടെ പേരുകള്‍ നിയമവിരുദ്ധമായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്ന ആരോപണം നിലനില്‍ക്കുകയാണ്. ക്യാപിറ്റല്‍ വില്ലേജ്, ടോപ് പാരഡൈസ്, ശ്രീശങ്കരി, ചൈത്രം എന്നീ ഫ്ളാറ്റുകളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട 45ല്‍ അധികം പേര്‍ക്കെതിരെ നിലവില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. അവിടെ പട്ടികയില്‍ ഉള്‍പ്പെട്ട ചില വോട്ടര്‍മാര്‍ക്ക് ഇരട്ട വോട്ടുണ്ടെന്ന വസ്തുതയും പുറത്ത് വന്നു കഴിഞ്ഞു.

ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനിടെ ഇത്തരം കാര്യങ്ങള്‍ പുറത്ത് വരുന്നതിന് ബി.ജെ.പി കൃത്യമായ ഉത്തരം നല്‍കുന്നുമില്ല. നിരവധി ആര്‍.എസ്.എസ് നേതാക്കള്‍ അടക്കം ഇത്തരത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇനി രണ്ട് തവണ കൂടി ബി.ജെ.പിയുടെ എം.പിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുമെന്ന വെല്ലുവിളിയും ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയിട്ടുണ്ട്.

Advertisment