കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫൈനാന്‍സ് കമ്പനിയില്‍ നിന്ന് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്നും പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.
കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കല്‍ വീട്ടില്‍ എ.സി. അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 32500 രൂപ തട്ടിയെടുക്കുകയായിരുന്നു.
സ്വകാര്യ ഫൈനാന്‍സ് കമ്പനിയുടെ സ്റ്റാഫാണെന്നു പറഞ്ഞ് യുവാവിനെ വാട്‌സ്ആപ്പ് മുഖേന ഇയാള്‍ ബന്ധപ്പെടുകയും 50000 രൂപ ലോണ്‍ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസ് മറ്റിനത്തിലുമായി പണം അടയ്ക്കണമെന്നും പറഞ്ഞ് യുവാവില്‍ നിന്നും ഇയാള്‍ പലതവണകളിലായി 32500 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ലോണ്‍ ലഭിക്കാതെയും പണം തിരികെ ലഭിക്കാതെയുമിരുന്നതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.