തൃശൂര്‍: പുതുക്കാ വരന്തരപ്പിള്ളി കിണര്‍ സെന്ററിന് സമീപം യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വെട്ടിയാട്ടില്‍ ജയദേവ് കൃഷ്ണ(35)നാണ് അറസ്റ്റിലായത്.
വേലൂപ്പാടം കിണര്‍ സ്വദേശി പുന്നക്കര വീട്ടില്‍ അനീഷിനാണ് പരിക്കേറ്റത്. വയറിലും കൈകളിലും ഗുരുതര പരിക്കേറ്റ അനീഷ് കോഴിക്കോടുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരി 28ന് രാത്രിയാണ് സംഭവം.
ജയദേവ കൃഷ്ണനുമായി ശത്രുതയുള്ള ഒരാളുമായി അനീഷ് സൗഹൃദത്തിലായതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവശേഷം ഒളിവില്‍പ്പോയ പ്രതി കലവറക്കുന്നില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടുകയായിരുന്നു.
വരന്തരപ്പിള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എന്‍. മനോജ്, സബ് ഇന്‍സ്‌പെക്ടര്‍ അലി, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുരുകദാസ്, സമിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.