തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശനത്തില്‍ നിലമ്പൂരിലെ പ്രാദേശിക നേതൃത്വത്തില്‍ പുകയുന്ന അതൃപ്തി സംസ്ഥാനത്തെ കോണ്‍ഗ്രസ്-യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയാകും.
നിലമ്പൂര്‍ നിയമസഭാ സീറ്റില്‍ കണ്ണുവച്ചുള്ള സംസ്ഥാന നേതാക്കളാണ് പ്രാദേശിക രോഷപ്രകടനങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. മുന്നണി പ്രവേശനത്തില്‍ യു.ഡി.എഫ്, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ നിന്നും എതിര്‍പ്പിന്റെ രൂക്ഷത കുറഞ്ഞതോടെയാണ് പ്രദേശിക വികാരം കത്തുന്നത്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ ദിവസം തന്നെ അന്‍വറിനെതിരെ രംഗത്ത് വന്നിരുന്നു. നിലവില്‍ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടിയുള്ള അന്‍വറിന്റെ നീക്കങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ജില്ലയിലെ ചില സംസ്ഥാന നേതാക്കള്‍ നടത്തുന്ന നീക്കം കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരുമായി ആശയ വിനിമയത്തിലൂടെ സമവായത്തിലെത്താനും പാര്‍ട്ടിയില്‍ നിലവിലുള്ള ഐക്യാന്തരീക്ഷത്തെ അലോസരപ്പെടാതിരിക്കാനുമാവും നേതൃത്വം ശ്രമിക്കുക. സംസ്ഥാനത്ത് ഭരണത്തിലേറാന്‍ യു.ഡി.എഫിന് കഴിയുന്ന അന്തരീക്ഷത്തില്‍ കോണ്‍ഗ്രസില്‍ നിന്നും സീറ്റെടുക്കരുതെന്നതാണ് പൊതുവേയുള്ള ആവശ്യം.
മുമ്പ് പാലസ്തീന്‍ വിഷയത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രതിഷേധ റാലിക്കെതിരെ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി രംഗത്ത് വന്നത് ഇവര്‍ തമ്മിലുള്ള ബലാബലത്തിന് കാരണമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ 2023 നവംബറിലാണ് ഇത്തരം വിഷയങ്ങളുണ്ടായത്. ഇതില്‍ രാഷ്ട്രീയ മുതലെടുപ്പിനായുള്ള ശ്രമങ്ങള്‍ സി.പി.എം. നടത്തിയിരുന്നു. അന്ന് പാര്‍ട്ടി വിട്ട് പുറത്ത് വന്നാല്‍ ഷൗക്കത്തിന് എല്‍.ഡി.എഫ്. സീറ്റ് നല്‍കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു.
നിലവില്‍ അന്‍വര്‍ വിഷയത്തില്‍ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ യു.ഡി.എഫ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ അനുവര്‍ത്തിക്കുമെന്നാണ് വിലയിരുത്തലുള്ളത്. നിലവിലുള്ള നേതാക്കളെ പരമാവധി പാര്‍ട്ടിയില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്‍വറിനെ യു.ഡി.എഫില്‍ എത്തിക്കാനായിരിക്കും ശ്രമം.
അതേസമയംതന്നെ തന്റെ മുന്നണിമാറ്റത്തില്‍ നിലമ്പൂര്‍ സീറ്റ് ഒരു തടസമാകില്ലെന്ന് അന്‍വര്‍ യു.ഡി.എഫ്. നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. പകരം എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ മത്സരിച്ച് അത് യു.ഡി.എഫിനായി തിരിച്ചുപിടിക്കാമെന്നാണ് അന്‍വറിന്റെ ഓഫര്‍.