/sathyam/media/media_files/5aVEs693v7fWHT3AW4C1.jpg)
കൊട്ടാരക്കര: കിടപ്പുരോഗിയായ വയോധികയുടെ പെന്‍ഷന്‍ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ബാങ്കിലെ താത്കാലിക ജീവനക്കാരിയായ കൊട്ടാരക്കര പുലമണ്‍ ഇടക്കുന്നില്‍ രജനി(35)യാണ് പിടിയിലായത്.
പുലമണ്‍ സ്വദേശിയായ വയോധികയ്ക്ക് കശുവണ്ടിവികസന കോര്‍പ്പറേഷനില്‍നിന്ന് പ്രതിമാസം അനുവദിക്കുന്ന പെന്‍ഷന്‍ തുക മൂന്നു വര്‍ഷമായി ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. വയോധികയുടേതെന്ന പേരില്‍ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്.
തട്ടിപ്പ് മനസിലായ ബാങ്ക് മാനേജരും വയോധികയുടെ ബന്ധുക്കളും പരാതി നല്‍കുകയായിരുന്നു. ദേശസാത്കൃത ബാങ്കിലുള്ള സേവിങ്സ് അക്കൗണ്ടില്‍നിന്ന് 2021 മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി.
ഏറെ വര്‍ഷങ്ങളായി ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി ഇവര്‍ ജോലി ചെയ്തു വരികയായിരുന്നു. വയോധിക ബന്ധുവാണെന്നും പുറത്ത് വാഹനത്തില്‍ ഇരിപ്പുണ്ടെന്നും അധികൃതരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
എല്ലാ മാസവും വിരലടയാളം പതിപ്പിക്കാനെന്ന പേരില്‍ പണം പിന്‍വലിക്കല്‍ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചുനല്‍കുകയായിരുന്നു. വയോധികയുടെ ബന്ധു അടുത്തിടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us