കോട്ടയം: കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പ്പറേഷനു സമീപത്തെ കഞ്ഞിക്കുഴി മേല്‍പ്പാലത്തില്‍ വെള്ളക്കെട്ട്.ചെളി കലര്‍ന്ന വെള്ളം ഇരുചക്രവാഹനയാത്രികരെയും കാല്‍നടയാത്രികരെയും ദുരിതത്തിലാക്കുന്നു.
തിരക്കേറിയ റോഡില്‍ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണു കടന്നുപോകുന്നത്. റോഡില്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഇല്ലാത്തതിനാലാണ് ഒറ്റമഴയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത്.
ഓടയില്ലാത്തതും വെള്ളം ഒഴുകിപ്പോകാനും സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. മഴ പെയ്തൊഴിഞ്ഞാലും ദിവസങ്ങളോളം വെള്ളമൊഴിയാതെ കെട്ടിക്കിടക്കുമെന്നു യാത്രക്കാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ മഴയെത്തുടര്‍ന്ന് റോഡ് തകര്‍ന്നു കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇവയില്‍ വെള്ളം നിറഞ്ഞനിലയിലാണ്. പാലത്തിന് ഇരുവശങ്ങളിലും വെള്ളംകെട്ടിക്കിടക്കുന്ന നിലയിലാണ്. കുഴിയും വെള്ളക്കെട്ടും അറിയാതെ ഇതുവഴിയെത്തുന്ന ഇരുചക്രവാഹനയാത്രികരാണു കൂടുതലായും അപകടത്തില്‍പ്പെടുന്നത്.
തിരക്കേറിയ റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ചെറുവാഹനങ്ങള്‍ കുഴിയില്‍ ചാടുകയും വെള്ളക്കെട്ടില്‍ കയറുമ്പോഴും കാല്‍നടയാത്രികരുടെയും ഇരുചക്രവാഹന യാത്രികരുടെയും ദേഹത്തേക്ക് ചെളിവെള്ളം തെറിക്കാനും ഇടയാക്കുന്നുണ്ട്.