തിരുവനന്തപുരം: മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ വിവാദവുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കി ഇടതുവിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐ. നിര്‍മ്മല കോളേജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താന്‍ വേണ്ടി എസ്.എഫ്.ഐ. സമരം നടത്തിയെന്നത് വ്യാജപ്രചരണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ക്യാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീടത് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി മാറും. അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്.എഫ്.ഐ.
പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്.എഫ്.ഐ. സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം എസ്.എഫ്.ഐയുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്.
എസ്.എഫ്.ഐ. ഏരിയാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആ ക്യാമ്പസില്‍ പഠിക്കുന്ന എസ്.എഫ്.ഐ. നേതൃത്വം ആരും തന്നെ ആ സമരത്തിന്റെ ഭാഗമായിട്ടില്ലെന്നും എസ്.എഫ്.ഐ. പറഞ്ഞു.