കേരളം സംഭാവന ചെയ്ത ഏറ്റവും വലിയ ജനകീയ നേതാവ് ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് നാളെ ഒരു വര്‍ഷം, പകരം വയ്ക്കാനാകാത്ത നേതാവിന്റെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യതയിലും ഒളിമങ്ങാതെ ഓര്‍മ്മകള്‍, പുതുപ്പളളിയിലെ തറവാട് വീട്ടില്‍ ആളൊഴിഞ്ഞെങ്കിലും തിരക്കൊഴിയാതെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ; ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം പ്രമാണിച്ച് പുതുപ്പള്ളിയിലും കോട്ടയത്തും വിപുലമായ പരിപാടികള്‍

കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്ത് ഉമ്മന്‍ചാണ്ടി ഒഴിച്ചിട്ട കസേര പകരക്കാരനില്ലാതെ ശൂന്യമാണെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഒളിമങ്ങാതെ നില്‍ക്കുകയാണ്. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
3555

കോട്ടയം: രാഷ്ട്രീയ കേരളം ഇതുവരെ കണ്ട ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി വിടപറഞ്ഞിട്ട് നാളെ (വ്യാഴാഴ്ച) ഒരു വര്‍ഷം തികയുന്നു. കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്ത് ഉമ്മന്‍ചാണ്ടി ഒഴിച്ചിട്ട കസേര പകരക്കാരനില്ലാതെ ശൂന്യമാണെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഒളിമങ്ങാതെ നില്‍ക്കുകയാണ്. 

Advertisment

ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം തീര്‍ത്ത ശൂന്യതയില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും അനാഥത്വം അനുഭവിക്കുന്നു. മണ്‍മറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മപോലും എത്ര ആവേശകരമാണെന്ന അനുഭവമാണ് കോണ്‍ഗ്രസിനെ അദ്ദേഹത്തിന്റെ അഭാവത്തിലും മുന്നോട്ടുനയിക്കുന്ന ഘടകം.

എന്ത് ആവശ്യത്തിനും ആശ്രയിക്കാവുന്ന ഉറപ്പുള്ള ഇടമായിരുന്ന കുഞ്ഞൂഞ്ഞില്ലാത്ത ഒരു വര്‍ഷം പുതുപ്പളളിക്കും വൈകാരിക അനുഭവമാണ്. പുതുപ്പള്ളിയില്‍ എത്തിയാല്‍ നാട്ടുകാരെയും ജനങ്ങളെയും കാണുന്ന ഉമ്മന്‍ചാണ്ടിയുടെ തറവാട് വീടായ കരോട്ട് വളളക്കാലില്‍ വീടും ആ അനാഥത്വം അനുഭവിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നിടത്തൊക്കെ ഇങ്ങനെ എത്ര ആള്‍ക്കൂട്ടങ്ങളാണ് അനാഥമായിട്ടുളളത്.

ഞായറാഴ്ചകളില്‍ ആളും ആരവവും തിരക്കും ഒക്കെയായി ജനനിബിഡമായിരുന്ന ആ വീട് ഇപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. എന്നാല്‍ പുതുപ്പളളിയില്‍, ഒരിടത്ത് മാത്രം ഇപ്പോഴു ആളുകള്‍ ഒറ്റയ്ക്കും കൂട്ടായും എത്തുന്നു, പ്രവര്‍ത്തി ദിവസമെന്നോ അവധി ദിവസമെന്നോ നോക്കാതെ. ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത പുതുപ്പളളിയിലെ ഓര്‍ത്തഡോക്‌സ് പള്ളിക്ക് പിറകിലെ കല്ലറയിലേക്കാണ് ആളുകള്‍ ഒഴുകിയെത്തുന്നത്.

പ്രിയനേതാവിനെ ഓര്‍ക്കാന്‍, ജീവിതത്തിന്റെ കണ്ണീരൊപ്പിയ തീരുമാനത്തിലൂടെ പ്രകാശം പരത്തിയതിനെ കുറിച്ച് ആരോടെന്നില്ലാതെ പറയാന്‍, നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച ആഗ്രഹങ്ങള്‍ക്ക് മാലാഖയെ പോലെ ചിറക് മുളപ്പിച്ചത് ഓര്‍ത്ത് സന്തോഷാശ്രുക്കള്‍ പൊഴിക്കാന്‍, വീണ്ടും പഴയപോലെ ആവലാതികള്‍ പറയാന്‍, വെറുതെ കുഞ്ഞൂഞ്ഞിനെ ഒന്ന് കണ്ട് പോകാന്‍, അങ്ങനെ നൂറ് കാരണങ്ങളുണ്ട് കല്ലറയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹജനങ്ങള്‍ക്ക്. വിശ്വാസപൂര്‍വം പ്രാര്‍ത്ഥനയുമായി ആളുകള്‍ വന്നുപോകുന്ന കല്ലറ, പുതുപ്പളളി പള്ളിയോളം പോന്ന തീര്‍ത്ഥാടന സ്ഥലമായും മാറിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ഒരു വര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങള്‍ ഇങ്ങനെയൊക്കെയാണ്. 

ഉമ്മന്‍ചാണ്ടിയുടെ ഒന്നാ ചരമവാര്‍ഷികം പ്രമാണിച്ച് വിപുലമായ പരിപാടികളാണ് അദ്ദേഹത്തിന്റെ തട്ടകമായ കോട്ടയത്ത് സംഘടിപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പുതുപ്പള്ളിയിലേക്ക് എത്തിത്തുടങ്ങും.

ഉമ്മന്‍ ചാണ്ടിയുടെ ഇടവക പളളിയും അദ്ദേഹത്തിന്റെ ഭൗതികശരീരം കബറടിക്കിയിരിക്കുന്ന ദേവാലയവുമായ  പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ രാവിലെ കുര്‍ബാന നടക്കും. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും വീട്ടിലും പ്രാര്‍ത്ഥന നടക്കും.പുതുപ്പള്ളി പള്ളിയിലാണ് അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്.

പളളിയിലെ ഓഡിറ്റോറിയത്തില്‍  രാവിലെ 10ന് നടക്കുന്ന അനുസ്മണ സമ്മേളനം സംസ്ഥാന  ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയാണ് ചടങ്ങിലെ മുഖ്യാതിഥി.

.സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹ പ്രഭാഷകനായും വേദിയിലെത്തും.സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുളള പ്രധാന നേതാക്കളെല്ലാം  ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം പ്രമാണിച്ച് പുതുപ്പളളിയിലും കോട്ടയത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

 

Advertisment