പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ പതിവാകുന്നു, ചങ്ങനാശേരി മാമ്മൂട് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം, പമ്പ് ഉടമ അടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു; തുടര്‍ച്ചയായി പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

ചങ്ങനാശേരി മാമ്മൂട് പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ പമ്പിലാണ് ആക്രമണം ഉണ്ടായത്.

New Update
aeb01d22-0706-4c1e-b4f9-307014765bba

കോട്ടയം: ചങ്ങനാശേരി മാമ്മൂട് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം. പമ്പ് ഉടമ അടക്കം രണ്ടു പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ പെട്രോള്‍ പമ്പ് ഉടമ ദിലീപ്, ജീവനക്കാരന്‍ ഉദയഭാനു എന്നിവര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. അക്രമി സംഘത്തിലെ മൂന്നുപേരെ തൃക്കൊടിത്താനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

Advertisment

ഞായറാഴ്ച രാത്രി 9.45 ഓടുകൂടിയായിരുന്നു ചങ്ങനാശേരി മാമ്മൂട് പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ പമ്പിലാണ് ആക്രമണം ഉണ്ടായത്. ലഹരി ഉപയോഗിച്ച ശേഷം എത്തിയ അക്രമിസംഘം പ്രകോപനം ഒന്നുമില്ലാതെ പമ്പിലെ ജീവനക്കാരെയും ആക്രമണം തടയാന്‍ എത്തിയ ഉടമയെയും ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കെതിരെ രാത്രികാലങ്ങളില്‍ അക്രമങ്ങള്‍ സംസ്ഥാനത്ത്  പതിവാകുകയാണ്. ലഹരി ഉപയോഗിച്ചെത്തുന്ന സാമൂഹ്യ വിരുദ്ധര്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ അക്രമിക്കുകയും പണം കവരുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയുണ്ടായിട്ടുണ്ട്.

പെട്രോള്‍ പമ്പുകള്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് സര്‍ക്കാരിനോട് നിരവധി തവണ പമ്പ് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍  പെട്രോള്‍ പമ്പുകളുടെ രാത്രി കാലങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്താനുള്ള നീക്കം  ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ ഭാഗത്തു നിന്നു മുമ്പുണ്ടായിരുന്നു.

സംസ്ഥാനത്ത് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നിങ്ങനെ പൊതുമേഖല ഇന്ധന കമ്പനികളുടേതായി 3500ലധികം പെട്രോള്‍ പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പമ്പില്‍ 10 ജീവനക്കാരാണുള്ളത്. താരതമ്യേന തുച്ഛമായ ശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

രാത്രി കാലങ്ങളില്‍ പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രമാണ് പമ്പുകളില്‍ ഉണ്ടാകുക. ഈ സാഹചര്യം മുതലെടുത്താണ്  അക്രമികള്‍ എത്തുന്നത്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ സംയോജിത ഇടപെടല്‍ ഉണ്ടാവാത്തതിനാല്‍ രാത്രി കാലങ്ങളില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമാണെന്നാണു പമ്പുടമകള്‍ പറയുന്നത്.

Advertisment