/sathyam/media/media_files/2025/07/20/fotojet-2-1-2025-07-20-13-14-24.jpg)
കോട്ടയം: ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇന്ത്യയ്ക്കു മേല്‍ ട്രംപിന്റെ 26 ശതമാനം തീരുവ പ്രഖ്യാപനമെല്ലാം ഇതിന്റെ ഭാഗമാണ്.
അമേരിക്കല്‍ വിസ്‌കികള്‍ക്കുള്ള തീരുവ പോലും ട്രംപിന്റെ ഇടപെടലില്‍ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. അതേസമയം, ഓഗസ്റ്റ് ഒന്നിന് മുമ്പ് ഇടക്കാല കരാറിലെത്തിയില്ലെങ്കില്‍ 26 ശതമാനം തീരുവ ചുമത്തുമെന്നാണ് നിലവില്‍ ട്രംപിന്റെ അന്ത്യശാസനം. ഇതിനു മുമ്പ് തന്നെ ഇടക്കാല കരാറിലെത്താമെന്നും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ബൃഹത് കരാറിലെത്താമെന്നുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇതില്‍ വന്‍ ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ആശങ്ക ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
ഇന്ത്യ പ്രതിവര്‍ഷം 86.51 ബില്യന്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ യു.എസിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 45.69 ബില്യന്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ മാത്രമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുത്. ഇതില്‍ വന്‍ കുതിച്ചു ചാട്ടമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. പാല്‍ ഉല്‍പ്പന്നങ്ങള്‍ പോലും ഇന്ത്യയിലേക്ക് കയറ്റിവിടാന്‍ അമേരിക്ക ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍, അമേരിക്കയില്‍ പശുക്കള്‍ക്ക് മാംസ അവശിഷ്ടങ്ങളും രക്തവും ഭക്ഷണത്തിനൊപ്പം നല്‍കുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യയുടെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരം പശുക്കളുടെ പാല്‍ വെജ് ആയി പരിഗണിക്കാനാവില്ലെന്നും വിശ്വാസത്തിന് എതിരാണെന്നുമാണ് ഇന്ത്യയുടെ വാദം.
യു.എസില്‍ നിന്നുള്ള ചില പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തീരുവ ഇളവ് നല്‍കാമെന്ന് ഇന്ത്യ ഇതിനോടകം അറിയിച്ചിട്ടുണ്ട്. സോയാബീന്‍, ചോളം എന്നിവ യു.എസില്‍ നിന്നും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. യു.എസില്‍ ഉത്പാദിപ്പിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ ജനിതക മാറ്റം വരുത്തിയതാണ്. ഇത് ഇന്ത്യയില്‍ വില്‍ക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍, അമേരിക്ക പിന്നോട്ടില്ലെന്ന നിലപാടിലാണ്. ഇത് നിയമങ്ങളുടെ പൊളിചെഴുത്തിനും വഴിവച്ചേക്കും.
യു.എസ് കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ കര്‍ഷക സംഘടനകളുടെ വലിയ പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പാണ്. ജനിതക മാറ്റം വരുത്തിയ ഉത്പന്നങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ ഈ പ്രതിഷേധം ഇരട്ടിയാകും.
രാജ്യത്ത് ജനിതക മാറ്റം വരുത്തിയ ഗോതമ്പ് വിത്തുകള്‍ പരീക്ഷണം നടത്താനുള്ള നീക്കം ഇതിനോടകം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം ജനിതക മാറ്റം വരുത്തിയ സോയാബീനും ചോളവും എത്തിയാല്‍ രാജ്യവ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാരിന് വിവിധ കര്‍ഷക സംഘടനകള്‍ നല്‍കിക്കഴിഞ്ഞു.