കൃഷ്ണഗിരിയുടെ തിലകക്കുറിയായി  ഈ വയനാടന്‍ പെണ്‍പെരുമ

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തോട് ചേര്‍ന്ന് തന്നെയാണ് അക്കാദമിയുടെയും പ്രവര്‍ത്തനം

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
5542252

വയനാട്: പ്രകൃതി സൗന്ദര്യത്തില്‍  മാത്രമല്ല കേരളത്തിന്റെ കായിക ഭൂപടത്തിലും വയനാടന്‍ പെരുമ വാനോളം ഉയരുകയാണ്. വനിതാ  ക്രിക്കറ്റില്‍ പുതിയൊരു കായിക വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്  വയനാട്. ദേശീയ ടീമില്‍ സജനയും മിന്നു മണിയും. ജൂനിയര്‍ ടീമില്‍ ജോഷിത വി.ജെ. സംസ്ഥാന ടീമില്‍ ദൃശ്യയും നജ്‌ലയുമടക്കം വിവിധ ഏജ് ഗ്രൂപ്പ് വിഭാഗങ്ങളില്‍ കളിച്ചു വരുന്ന ഒട്ടേറെ താരങ്ങള്‍. വനിതാ ക്രിക്കറ്റില്‍ കേരളത്തിന്റെ അഭിമാനമാകുകയാണ് വയനാട്.

Advertisment

വയലുകളില്‍ കളി തുടങ്ങി കൃഷ്ണഗിരി സ്റ്റേഡിയത്തിലൂടെ വളര്‍ന്ന് ദേശീയ-സംസ്ഥാന ടീമുകളില്‍ എത്തി നില്‍ക്കുകയാണ് സജനയും മിന്നുവും, ജോഷിതയും, ദൃശ്യയും, ദര്‍ശനയും മൃദുലയുമെല്ലാം. ഇവര്‍ക്കെല്ലാം പങ്കു വയ്ക്കാനുള്ളതാകട്ടെ ഇല്ലായ്മകളോട് പൊരുതി മുന്നേറിയ കഥയും. ദേശീയ ടീമില്‍ രണ്ടെങ്കില്‍ വനിതാ പ്രീമിയര്‍ ലീഗില്‍  കേരളത്തില്‍ നിന്ന് ഇക്കുറി നാല് താരങ്ങളുണ്ട്. ഇതില്‍ മൂന്ന് പേരും വയനാട്ടില്‍ നിന്നാണ്. സജനയും മിന്നുവും ജോഷിതയും.

2010-11ല്‍ വയനാട് വനിത ക്രിക്കറ്റ് അക്കാദമിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടക്കമിട്ടതോടെയാണ് ക്രിക്കറ്റിലെ വയനാടന്‍ വനിതാ വിപ്ലവത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് ഒന്നിനുപിറകെ ഒന്നായി ഒട്ടേറെ താരങ്ങളാണ് വയനാട് ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ദേശീയ-സംസ്ഥാന ടീമുകളിലേക്ക് എത്തിയത്. 

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തോട് ചേര്‍ന്ന് തന്നെയാണ് അക്കാദമിയുടെയും പ്രവര്‍ത്തനം. മറ്റ് അനുബന്ധ പരിശീലന സൌകര്യങ്ങളും താമസവും കിറ്റുമെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ലഭ്യമാക്കുന്നു. ആകെ 28 പേരാണ് നിലവില്‍ അക്കാദമിയില്‍ പരിശീലനം തുടരുന്നത്. കെ.സി.എ. കോച്ചുമാരുടെ നേതൃത്വത്തിലാണ്  പരിശീലനം.

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര് ആണ്  ജോഷിതയെ പത്ത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ജോഷിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയതിന് തൊട്ടു പിറകെയാണ് വനിതാ പ്രീമിയര്‍ ലീഗിലേയ്ക്കും (School For Differently Abled) ജോഷിതയ്ക്ക് വിളിയെത്തിയത്. 

വയനാട് കല്‍പ്പറ്റ സ്വദേശിയാണ് ജോഷിത. വെല്ലച്ചിറ, വി.ടി. ജോഷിയും എം.പി. ശ്രീജയുമാണ് മാതാപിതാക്കള്‍. ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റ്  പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം തുടരുന്നത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ ജോഷിത കേരള അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച സജന സജീവന്‍  അവസാന പന്തിലെ സിക്‌സുമായി ആദ്യ മത്സരത്തില്‍ തന്നെ താരമായിരുന്നു. നിലവില്‍ വിന്‍ഡീസിനെതിരെയുള്ള ടി20, ഏകദിന  പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് സജന. മിന്നുമണിയും  ഈ ടീമില്‍ സജനയ്‌ക്കൊപ്പമുണ്ട്. 

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തല്‍ ഓടി ഡൈവ് ചെയ്തുള്ള മിന്നുവിന്റെ ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മിന്നു മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ബ്രിസ്‌ബെയ്‌നില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പുറത്താകാതെ 46 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു മിന്നു.

ദൃശ്യയും ദര്‍ശനയും മൃദുലയും നജ്‌ലയും സീനിയര്‍ വിമന്‍സ് ഏകദിന ടൂര്‍ണ്ണമെന്റില്‍ ഇപ്പോള്‍ കേരളത്തിനായി കളിച്ച് വരികയാണ്. ഓപ്പണറായ ദൃശ്യ കഴിഞ്ഞ ദിവസം 88 റണ്‍സുമായി നാഗാലന്റിനെതിരെയുള്ള വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ഇതിനു പുറമെ ഹൈദരാബാദിനെതിരെ സെഞ്ച്വറിയും ഉത്തരാഖണ്ഡിനെതിരെയുള്ള വിജയത്തിലടക്കം മികച്ച പ്രകടനവും കാഴ്ച വച്ചിരുന്നു. 

ടൂര്‍ണ്ണമെന്റില്‍ ഇത് വരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ പത്ത് താരങ്ങളിലൊരാള്‍ ദൃശ്യയാണ്. ടൂര്‍ണ്ണമെന്‍ില്‍ അസമിനെതിരെയടക്കം കേരളത്തിന് വിജയമൊരുക്കിയ ഇന്നിങ്‌സുകളുമായി നജ്‌ലയും ശ്രദ്ധേയയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 വനിത ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു നജ്‌ല. ലോകകപ്പിന് മുന്നോടിയായി നടന്ന ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനെ നയിച്ചതും നജ്‌ലയായിരുന്നു. 

കൊളവയലിലെ വാസുദേവന്‍-ഷീജ ദമ്പതിമാരുടെ മകളാണ് ദൃശ്യ. ജൂനിയര്‍ തലം മുതല്‍ വിവിധ ഏജ് കാറ്റഗറികളിലായി കേരളത്തിന് വേണ്ടി കളിക്കുന്ന താരങ്ങളാണ് ദര്‍ശന മോഹനും വി.എസ്. മൃദുലയും.  മാനന്തവാടി ചോലവയലിലെ മോഹനന്റെയും മീനാക്ഷിയുടെയും മകളാണ് ദര്‍ശന. കുപ്പാടിയിലെ സുരേഷ്-സുധ ദമ്പതിമാരുടെ മകളാണ് മൃദുല. ദേശീയ ടീമെന്ന സ്വപ്നവുമായാണ് ഇവരും മികച്ച പ്രകടനം തുടരുന്നത്. 

 

Advertisment