/sathyam/media/media_files/6XE4WaZRS4JzWOJB3qSu.jpg)
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഇരുചക്രവാഹനത്തില്‍ യാത്രചെയ്തിരുന്ന വീട്ടമ്മയെ ബൈക്കില്‍ പിന്തുടര്‍ന്ന് തള്ളിവീഴ്ത്തിയശേഷം രണ്ടംഗസംഘം ഏഴുപവന്റെ സ്വര്‍ണമാല കവര്‍ന്നു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് റോഡുമുക്ക് കൈതക്കാപറമ്പില്‍ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ താലിമാലയാണു കവര്‍ന്നത്.
ആക്രമണത്തിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണംവിട്ട് താഴെവീണ പ്രസീതയുടെ വലതുഭാഗത്തെ രണ്ടു വാരിയെല്ലുകളും വലതുകൈയും മുന്‍നിരയിലെ പല്ലും ഒടിഞ്ഞു. ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജങ്ഷനു കിഴക്ക് ആനകുത്തിപ്പാലത്തിനു സമീപത്തായിരുന്നു സംഭവം.
വളവനാട്ടു താമസിക്കുന്ന സഹോദരി പ്രവീണയെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രസീത. ആനകുത്തിപ്പാലം കടന്നു തെക്കോട്ടുവരുന്ന സമയത്ത് പിന്നില്‍നിന്നു പാഞ്ഞെത്തിയ ബൈക്കിന്റെ പിന്നിലിരുന്നയാള്‍ മാല പറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടറില്‍ ശക്തമായി തള്ളിയതോടെ പ്രസീത സ്‌കൂട്ടറുമായി മറിഞ്ഞുവീഴുകയായിരുന്നു.
നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പ്രസീതയെ ആശുപത്രിയിലെത്തിച്ചത്. ബൈക്കിലെത്തിയ ഇരുവരും ഹെല്‍മെറ്റും മാസ്‌കും ധരിച്ചിരുന്നതായി പ്രസീത പറഞ്ഞു. സംഭവം നടന്നതിന് അര കിലോമീറ്റര്‍ അകലെ പോലീസുണ്ടായിരുന്നെങ്കിലും ഇവര്‍ സ്ഥലത്തെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.
മാല കവര്‍ന്നശേഷം സംഘം വലിയകലവൂര്‍ ബണ്ടുറോഡു വഴി ദേശീയപാതയില്‍ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. മോഷ്ടാക്കളുടെ ചിത്രങ്ങളും മോഷണത്തിനുപയോഗിച്ച ബൈക്കും സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us