Advertisment

കായംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; പണവും രണ്ട് ലക്ഷത്തിന്റെ വീട്ടുസാമഗ്രികളും മോഷ്ടിച്ചു

83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാമഗ്രികളും ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിങ് മെഷീനുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. 

New Update
3536366

ആലപ്പുഴ: കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ചിറക്കടവം തയ്യില്‍ അബ്ദുല്‍ ഗഫാര്‍ സേട്ടിന്റെ വീട്ടില്‍ നിന്നും അലമാരിയില്‍ സൂക്ഷിച്ചിരുന്ന 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാമഗ്രികളും ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിങ് മെഷീനുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. 

Advertisment

അബ്ദുല്‍ ഗഫാര്‍ സേട്ടിന്റെ ഭാര്യ റാബിയ ഭായിയുടെ ചികിത്സാര്‍ഥം വീട്ടുകാര്‍ തിരുവനന്തപുരത്തു പോയ സമയത്താണ് മോഷണം നടന്നത്. ശനിയാഴ്ചയാണ് വീട്ടുകാര്‍ തിരുവനന്തപുരത്തേക്ക് പോയത്. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വാതിലുകളും അലമാരകളും നശിപ്പിച്ചതും വന്‍ നഷ്ടത്തിനിടയാക്കി. മുന്‍വശത്തെയും പുറകിലെയും വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതില്‍ തകര്‍ത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്‌സും അഴിച്ചെടുത്തു. എന്നാല്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറി തുറക്കാനായില്ല. മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവര്‍ മൂത്രവിസര്‍ജനം നടത്തിയിരുന്നു.

സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാര്‍ സ്ഥലത്തില്ലത്തില്ലെന്ന് അറിഞ്ഞ് നടത്തിയ മോഷണമാണിതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 

 

Advertisment