/sathyam/media/media_files/EUqK2NxWfoXeoJTb4cdL.jpg)
കോട്ടയം: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുഴി മൂടിയ മണ്ണെല്ലാം ഒലിച്ചു പോയി, കോട്ടയം മാര്‍ക്കറ്റ് റോഡ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഭാര വാഹനങ്ങള്‍ കുഴിയില്‍ ചാടി കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. മുമ്പ് റോഡിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സമീപത്തെ വ്യാപാരികള്‍ ചേര്‍ന്ന് ഇടക്കാലത്ത് അപായ മുന്നറിയിപ്പായി ചുവപ്പ് ചാക്ക് ഉയര്‍ത്തിയ കമ്പുകളും നാട്ടിയിരുന്നു.
പരാതിയെത്തുടര്‍ന്ന് താത്ക്കാലികമായി മണ്ണിട്ടു മൂടിയിരുന്നു. മഴയില്‍ മണ്ണ് ഒലിച്ചു പോയതിനെത്തുടര്‍ന്ന് കുഴികള്‍ വീണ്ടും രൂപപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കുഴികളിലെ മണ്ണ് ഒലിച്ചുമാറി വലിയ കുഴിയായി രൂപപ്പെട്ട നിലയിലാണ്. മാര്‍ക്കറ്റ് റോഡില്‍ തിയേറ്റര്‍ റോഡിന്റെ ഭാഗം, മാര്‍ക്കറ്റ് റോഡ് ഈരയില്‍ കടവ് റോഡ് ഭാഗം തുടങ്ങിയ റോഡിലാണ് കുഴികള്‍ രൂപപ്പെട്ടത്.
ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിനംപ്രതി റോഡിലൂടെ കടന്നു പോകുന്നത്. കൂടാതെ, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ചരക്ക് ലോറികള്‍ വിവിധ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങള്‍ ഇറക്കാനെത്തുന്നതും ഈ റോഡിലാണ്. പ്രധാന റോഡിലെ തിരക്ക് ഒഴിവാക്കി കലക്ടറേറ്റ്, കോടിമത, കഞ്ഞിക്കുഴി, ഈരയില്‍കടവ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി നിരവധി പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്.
ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവ് സംഭവമായി മാറി. ഇറക്കവും വളവും നിറഞ്ഞ റോഡില്‍ രാത്രികാലങ്ങളില്‍ റോഡിലെ വെളിച്ചക്കുറവും കുഴികളുടെ ആഴവുമറിയാതെ എത്തുന്നവര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.