ഹരിപ്പാട് പോലീസിനെ ഫോണ്‍ വിളിച്ച ശേഷം ട്രെയിന്  മുന്നില്‍ ചാടി ജീവനൊടുക്കാനൊരുങ്ങി യുവതി; ട്രെയിനിന് മുന്നില്‍നിന്ന് സാഹസികമായി യുവതിയെ ട്രാക്കിന് പുറത്തേക്ക് വലിച്ചിട്ട് ജീവന്‍ രക്ഷിച്ച് പോലീസുകാരന്‍

ചെറുതന ആയാപറമ്പിലാണ് സംഭവം.

New Update
353535555

ഹരിപ്പാട്: പോലീസിനെ ഫോണ്‍ വിളിച്ച ശേഷം ട്രെയിന് മുന്നില്‍ ചാടാനൊരുങ്ങി നിന്ന യുവതിയെ അതി സാഹസികമായി രക്ഷിച്ച് പോലീസുകാരന്‍. ചെറുതന ആയാപറമ്പിലാണ് സംഭവം. ഹരിപ്പാട് സ്വദേശിനിയായ യുവതി ട്രെയിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ് ഹരിപ്പാട് പോലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. 

Advertisment

ആരെങ്കിലും പറ്റിക്കുകയാണെന്ന് ആദ്യം കരുതിയെങ്കിലും നമ്പരെടുത്ത് സാറ്റലൈറ്റ് ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ റെയില്‍വേ ട്രാക്കിനടുത്തു നിന്നാണെന്ന സൂചന ലഭിച്ചു. ഇതോടെ ഫോണ്‍ ലൊക്കേഷന്‍ ലഭിച്ച ചെറുതന ആയാപറമ്പ് ഭാഗത്തേക്ക് പുറപ്പെട്ട പോലീസ് ട്രാക്കുകളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. 

ഇതിനിടെ പല തവണ നമ്പരിലേക്ക് പോലീസ് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടെ ഒരു ട്രെയിനും കടന്നുപോയി. ഇതോടെ യുവതി ആത്മഹത്യ ചെയ്തിരിക്കാമെന്ന ആശങ്കയുമുണ്ടായി. 

കരുവാറ്റ മങ്കുഴി പാലത്തിന് സമീപം ജീപ്പ് നിര്‍ത്തിയിട്ട സമയത്ത് സിവില്‍ പോലീസ് ഓഫിസര്‍ നിഷാദ് മങ്കുഴി പാലത്തിന് മുകളില്‍ കയറി നോക്കിയപ്പോള്‍ മറുവശത്ത് ഒരു സ്ത്രീ ട്രാക്കിനരികില്‍ ആത്മഹത്യക്ക് ഒരുങ്ങി നില്‍ക്കുന്നതായി കണ്ടത്. 

ദൂരെ നിന്നും ട്രെയിന്‍ വരുന്നതും കാണാമായിരുന്നു. ചാടരുതെന്ന് നിഷാദ് വിളിച്ചു പറഞ്ഞപ്പോള്‍ ചാടുമെന്ന് യുവതി പറഞ്ഞു. ഇതോടെ അതിവേഗം പാഞ്ഞ് ട്രാക്ക് മറികടന്ന നിഷാദ് യുവതിയെ പിടിച്ച് ട്രാക്കിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. 

നിമിഷങ്ങള്‍ക്കുള്ളില്‍ ട്രെയിനും കടന്നു പോയി.  താഴെ കാത്തുനിന്ന പോലീസ് സംഘം സംഭവം അറിഞ്ഞതുമില്ല. ട്രെയിന്‍ കടന്നു പോയശേഷം പാലത്തിന് മുകളില്‍ കയറിയപ്പോഴാണ് ഇവര്‍ വിവരമറിയുന്നത്. സാമ്പത്തിക പ്രശ്‌നമാണ് കാരണമെന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ഇവരെ പറഞ്ഞയച്ചു.

Advertisment