Advertisment

പദ്ധതി നിര്‍വഹണത്തില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍, ഫണ്ടുകള്‍ കൃത്യമായി ചെലവഴിക്കാത്തിനാല്‍ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു; പദ്ധതി വൈകുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ അലംഭാവമെന്ന് ജനപ്രതിനിധികള്‍

"പദ്ധതി തുക ചെലവഴിച്ചതില്‍ നിലവില്‍ സംസ്ഥാനത്ത് 11-ാം സ്ഥാനത്താണ് ജില്ല"

New Update
6464

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തി. പക്ഷേ, തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആമവേഗം പോലുമില്ല. 

Advertisment

സാമ്പത്തികവര്‍ഷം തുടങ്ങി ആറുമാസം പിന്നിടുമ്പോഴും ഭൂരിഭാഗം കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും 25 ശതമാനം ഫണ്ടു പോലും ചെലവഴിച്ചിട്ടില്ല. പദ്ധതി തുക ചെലവഴിച്ചതില്‍ നിലവില്‍ സംസ്ഥാനത്ത് 11-ാം സ്ഥാനത്താണ് ജില്ല.

അടുത്തവര്‍ഷം തദ്ദേശതെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ, ഈ വര്‍ഷമാണ് ഫണ്ടുകള്‍ പൂര്‍ണമായി ചെലവഴിക്കാന്‍ കഴിയുക. എന്നിട്ടും മെല്ലപ്പോക്ക് തുടരുന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളിലെ മെല്ലപ്പോക്ക് സാമ്പത്തികവര്‍ഷത്തില്‍ അവസാനത്തില്‍ നെട്ടോട്ടത്തിലും കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

27.86 ശതമാനം തുക ചെലവഴിച്ച വൈക്കം ബ്ലോക്കാണ് പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ മുന്നിലുള്ളത്. മാടപ്പള്ളി പഞ്ചായത്ത്- 27.66, കടുത്തുരുത്തി ബ്ലോക്ക്- 27.54, മാടപ്പള്ളി ബ്ലോക്ക്- 27.06 എന്നിങ്ങനെയാണ് ജില്ലയില്‍ കൂടുതല്‍ തുക ചെലവഴിച്ച മറ്റ് തദ്ദേശസ്ഥാപനങ്ങള്‍. കോരുത്തോട് പഞ്ചായത്തും 26 ശതമാനം തുക ചെലവഴിച്ചു.

ജില്ലാ പഞ്ചായത്ത് 20 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് ഇതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ജില്ലയിലെ നഗരസഭകള്‍ സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നിലാണ്. 14 ശതമാനം തുക ചെലവഴിച്ച വൈക്കമാണ് ജില്ലയില്‍ മുന്നില്‍. ബാക്കി എല്ലാ നഗരസഭകളും അഞ്ച് ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചിട്ടുള്ളത്. 

ഏറ്റവും പിന്നിലുള്ള കോട്ടയം മൂന്നു ശതമാനം തുക മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. ഫണ്ടുകള്‍ കൃത്യമായി ചെലവഴിക്കാത്തിനാല്‍ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടക്കം ഇഴയുകയാണ്. ഗ്രാമീണറോഡുകളില്‍ ഭൂരിഭാഗവും തകര്‍ന്നുകിടക്കുകയാണ്. 

പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരെയാണ് ഇതില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഉദ്യോഗസ്ഥതലത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് പദ്ധതികള്‍ ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് ജനപ്രതിനിധികള്‍ പറയുന്നു. ഉദ്യോഗസ്ഥ അലംഭാവത്തിനൊപ്പം കരാറുകാര്‍ നിര്‍മാണങ്ങള്‍ ഏറ്റെടുക്കാത്തതും തിരിച്ചടിയാകുന്നുണ്ട്. 

ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ കരാറുകാര്‍ തയാറാകുന്നില്ല. തുടര്‍ച്ചയായുള്ള മഴയും ജോലികളെ ബാധിക്കുന്നുണ്ട്. കാലവര്‍ഷം ആരംഭിച്ചശേഷം ഒട്ടുമിക്ക ദിവസങ്ങളിലും മഴ പെയ്യുന്നുണ്ട്. ഇതുമൂലം നിര്‍മാണജോലികള്‍ ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും ഇവര്‍ പറയുന്നു.

ഫയലുകളുടെ തുടര്‍ നടപടികള്‍ വകുപ്പുകള്‍ വൈകിപ്പിക്കുന്നതായും ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തുന്നു. അടുത്ത മാസങ്ങളിലായി കൂടുതല്‍ തുക ചെലവഴിക്കുമെന്നും തുടക്കമായതിനാലാണ് മെല്ലപ്പോക്കുണ്ടാകുന്നതെന്നും തദ്ദേശഭരണ സമിതികള്‍ പറയുന്നു.

 

Advertisment