Advertisment

തീരദേശ പരിപാലന നിയമം: ഇളവുകള്‍ അപര്യാപ്തമെന്ന്  കെ.സി. വേണുഗോപാല്‍ എം.പി.

സിആര്‍ഇസഡ് 1എ. 1ബി. 2. 3 എ . 3ബി. 4.എ.4 ബി എന്നി തരത്തിലാണു തീരമേഖല വിഭജിച്ചിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
6446w55

തീരദേശ പരിപാലന നിയമത്തില്‍ ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ഒരു പരിധിവരെ ആശ്വാസകരമാണെങ്കിലും തീരദേശജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകളും ആവശ്യങ്ങളും പരിഹരിക്കുന്നവിധം ഭേദഗതി വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.

Advertisment

2019ലെ കരടുനിയമത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തീരദേശ നിയന്ത്രണ നിയമവും തീരദേശ പരിപാലന പ്ലാനിലും മുന്‍കാലത്തെ ആപേക്ഷിച്ച് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ല.

2011ലെ തീരദേശ നിയന്ത്രണ നിയമം പരിഷ്‌കരിച്ചു കൊണ്ടു നടപ്പാക്കുന്ന പുതിയ നിയമത്തിലെ പല നിര്‍ദ്ദേശങ്ങളും കടലോര കായലോര മേഖലകളില്‍ അധിവസിക്കുന്ന തീരദേശ വാസികള്‍ക്ക് ദോഷകരമായിട്ടുള്ളതാണ്. ഇവര്‍ക്ക് ഗുണകരമായി രീതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ 10 തീരദേശ ജില്ലകളിലെ 245 പഞ്ചായത്തുകളിലും 36 മുനിസിപ്പാലിറ്റികളിലും 5 കോര്‍പ്പറേഷനുകളിലും അധിവസിക്കുന്ന കടലോര ഉള്‍നാടന്‍ നിവാസികള്‍ക്ക് ബാധകമാകുന്ന നിയമമാണു കേന്ദ്രപരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍, 245 പഞ്ചായത്തുകളില്‍ 64 പഞ്ചായത്തുകളില്‍ അധിവസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഭേദഗതി പ്രയോജനം പൂര്‍ണ്ണ തോതില്‍ ലഭിക്കുന്നതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഇളവ് ലഭിക്കുന്ന പട്ടികയിലുണ്ടായിരുന്ന അമ്പലപ്പുഴ തെക്ക് അമ്പലപ്പുഴ വടക്ക് എന്നീ പഞ്ചായത്തുകള്‍ ധാതുമണല്‍ നിക്ഷേപമുള്ള പഞ്ചായത്തുകള്‍ എന്ന നിലയില്‍ ഒഴിവാക്കപ്പെടുമെന്നത് പ്രതിഷേധാര്‍ഹമാണ്. താരതമ്യേന വീതി കുറഞ്ഞ പഞ്ചായത്തുകളായ ആലപ്പാട് ആറാട്ടുപുഴ എന്നിവിടങ്ങളില്‍ 3 എ കാറ്റഗറിയുടെ ഇളവുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം ചെയ്യില്ല.

സിആര്‍ഇസഡ് 1എ. 1ബി. 2. 3 എ . 3ബി. 4.എ.4 ബി എന്നി തരത്തിലാണു തീരമേഖല വിഭജിച്ചിരിക്കുന്നത്.സോണ്‍ 2 ജനവാസമേഖല ഉള്‍പ്പെടുന്നതാണ്. നിര്‍മ്മാണത്തിന് ദൂരപരിധി ഇല്ലാത്ത നഗരസഭകള്‍ക്ക് ബാധകമായ സോണ്‍ 2 വില്‍ 1991 നമുന്‍പുള്ള കെട്ടിടത്തിന്റെയോ റോഡിന്റെയോ കരഭാഗത്തു പുതിയ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താമെന്ന് നിര്‍ദ്ദേശിക്കുന്നത് ഏറെ പ്രയോജനകരമാണ്. 

ഇതനുസരിച്ചു എല്ലാ കടലോര ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും ഉള്‍ക്കൊള്ളുന്ന പഞ്ചായത്തുകളേയും നഗരസഭകളേയും കോര്‍പ്പറേഷനുകളേയും നിയന്ത്രണത്തില്‍ നിന്നു ഒഴിവാക്കണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളും അവരുടെ സംഘടനകളും ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കരിമണല്‍ ഖനന മേഖലകളായ പൊന്മന ആലപ്പാട്,ആറാട്ടുപുഴ ,തൃക്കുന്നപ്പുഴ,പുറക്കാടു,അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്,പുന്നപ്ര നോര്‍ത്ത്,പുന്നപ്ര സൗത്ത് പഞ്ചായത്തുകളെയും കടലിനും കായലിനും ഇടയ്ക്കു കിടക്കുന്ന പൊഴിയൂര്‍ പനത്തുറ കോവളം പൊന്മന, ആലപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ഇളംകുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാടു, കുഴിപ്പള്ളി, പള്ളിപ്പുറം കടപ്പുറം, വലിയപറമ്പ പഞ്ചായത്തുകളെ സി ആര്‍ സെഡ് 2 ല്‍ ഉള്‍പ്പെടുത്താനുമുള്ള നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

സോണ്‍ 3 എ അനുസരിച്ചു കടല്‍ ഉള്‍നാടന്‍ തീരത്തു വേലിയേറ്റമേഖലയില്‍ നിന്നു 200 മീറ്റര്‍ ആയിരുന്ന ബഫര്‍ സോണ്‍ 50 മീറ്റര്‍ ആയി കുറച്ചതിനാല്‍ അതുകഴിഞ്ഞുള്ള ഭാഗത്തു നിയന്ത്രണമില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. എന്നാല്‍ സോണ്‍ ബി ഉള്‍നാടന്‍ മേഖലയില്‍ വേലിയേറ്റമേഖലയില്‍ നിന്നു 100 മീറ്റര്‍ ആയിരുന്ന ബഫര്‍ സോണ്‍ 50 മീറ്റര്‍ ആക്കിയതും ഒരു പരിധി വരെ പ്രയോജനകരമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കായല്‍ മേഖലയിലെ 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദീപുകള്‍ക്കു 50 മീറ്റര്‍ ആയിരുന്ന ബഫര്‍സോണ്‍ 20 മീറ്റര്‍ ആക്കി കുറച്ചത് ദീപുവാസികള്‍ക്ക് ഗുണകരമാണ്. തുറമുഖങ്ങളിലും തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച മേഖലകളിലും ബഫര്‍ സോണ്‍ ബാധകമല്ല എന്ന തീരുമാനം ആ മേഖലയിലുള്ളവര്‍ക്ക് പ്രയോജനം ചെയ്യും. 

സ്വകാര്യ മേഖലയിലെ കണ്ടല്‍ക്കാടുകള്‍ക്കു നിയന്ത്രണം ബാധകമല്ലെങ്കിലും സര്‍ക്കാര്‍ ഭൂമിയില്‍ 1000 ചതുരശ്രമീറ്ററില്‍ അധികമായി കണ്ടല്‍ക്കാടു ഉണ്ടെങ്കില്‍ ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്തു മേഖലകളില്‍ ഒഴികെ 50 മീറ്റര്‍ നിയന്ത്രണ മേഖലയാണ്. 

തീരമേഖലകള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ ആയതിനാല്‍ ഇതിന്റെ പ്രയോജനം ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങള്‍ക്കു ലഭിക്കും.വാണിജ്യആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണങ്ങള്‍ക്കു നിലവിലെ 500 മീറ്റര്‍ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. പുതിയ ഭേദഗതിയിലെ ഈ നിയമം ബാധകമാകുന്നതോടെ 2011ലെ നിയമം അപ്രസക്തമാകുമെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 175 പഞ്ചായത്തുകളില്‍ ഇനി ഇളവ് ലഭിക്കുവാനുള്ള 111 പഞ്ചായത്തുകളെക്കൂടി സിആര്‍ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റാനുള്ള അടിയന്തിര ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Advertisment