കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഹെഡ്ഫോണ്‍ ഉപയോഗം വ്യാപകമാകുന്നു. കെ.എസ്.ആര്‍.ടി.സിയിലാണു ഡ്രൈവര്‍മാര്‍ ഹെഡ്ഫോണുകള്‍ ഉപയോഗിച്ചുകൊണ്ട് ബസ് ഓടിക്കുന്നത്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇതു പാടില്ലെന്നു കര്‍ശന നിര്‍ദേശമുള്ളപ്പോഴാണു ഡ്രൈവര്‍മാരുടെ നിയമ ലംഘനം.
ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ വരുമ്പോള്‍ എളുപ്പത്തില്‍ എടുക്കാനും യാത്രക്കിടെ പാട്ട് കേള്‍ക്കാനുമൊക്കയാണു ഡ്രൈവര്‍മാര്‍ ഹെഡ് ഫോണ്‍ ഉപയോഗിക്കുക. എളുപ്പത്തിനായി വയര്‍ലെസ് ഹെഡ്ഫോണുകളാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. വണ്ടി ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റാനും ഇതു കാരണമാകുന്നു. കെ.എസ്.ആര്‍.ടി.സിയുടെ അപകട നിരക്ക് കൂടുതലാണെന്നിരിക്കെയാണിത്.
അതേസമയം, അപകടം ഉണ്ടാക്കുന്നതില്‍ സ്വകാര്യ ബസുകളും ഒട്ടും പിന്നിലല്ല. ബസ് ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന് ആലുവയില്‍ സ്വകാര്യ ബസില്‍നിന്നു വിദ്യാര്‍ഥിനി തെറിച്ചുവീണു പരിക്കേറ്റിരുന്നു. ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി.ഐ. എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയുമായ നയനയ്ക്കാണു പരിക്കേറ്റത്. എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് വേഗത്തില്‍ തിരിക്കുന്നതിനിടെ വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ബസിന്റെ വാതില്‍ ശരിയായ വിധത്തില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. കുട്ടിയെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആലുവ ബാങ്ക് കവലയില്‍ സ്വകാര്യ ബസില്‍നിന്നും വീണു ചൂര്‍ണിക്കര സ്വദേശിനിയായ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിനു കാരണമെന്നു പരാതിയുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയത്ത് അപകടകരമായി സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സിയുമൊക്കെ ഓടിച്ച സംഭവമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കര്‍ശന നിര്‍ദേശമാണു ഡ്രൈവര്‍മാര്‍ക്കു നല്‍കിയത്. ഒരു കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ഉള്‍പ്പടെ നാലു പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡും ചെയ്തിരുന്നു. എന്നാല്‍, കര്‍ശന നടപടിയുണ്ടായിട്ടും ഇത്തരക്കാര്‍ക്കു യാതൊരു കൂസലുമില്ലെന്നുള്ളതാണു വസ്തുത.