Advertisment

കേരളത്തില്‍ എച്ചിലും എട്ടിലും പൊട്ടി; എളുപ്പത്തില്‍ ലൈസന്‍സ് ഒപ്പിക്കാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചു യുവാക്കള്‍, കൂടുതല്‍ പേരും വിദേശത്തേക്ക് പോകാന്‍ തയാറായി നില്‍ക്കുന്നവര്‍

കര്‍ണാടക, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ എത്തുന്നത്.

New Update
363636

കോട്ടയം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം കുറഞ്ഞതോടെ ലൈസന്‍സുകള്‍ക്കായി അന്യസംസ്ഥാനങ്ങളിലേക്കു തിരിഞ്ഞു യുവാക്കള്‍. ലൈസന്‍സ് അന്യസംസ്ഥാനങ്ങളില്‍ നിന്നു എടുത്തു നില്‍ക്കാന്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശത്തേക്കു പോകുന്നവരാണ് ഇത്തരത്തില്‍ ലൈസന്‍സ് കൂടുതലായി എടുക്കാന്‍ ശ്രമിക്കുന്നത്.

Advertisment

പരിഷ്‌കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് തുടങ്ങി രണ്ടു മാസം പൂര്‍ത്തിയാകുമ്പോള്‍, പകുതിയോളം പേര്‍ തോല്‍ക്കുന്ന കാഴ്ചയാണു കേരളത്തിലെ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ കാണുന്നത്. മുമ്പ് രണ്ടു മിനിറ്റ് വണ്ടിയോടിച്ചുവെന്നു വരുത്തി അനായാസം ലൈന്‍സ് കരസ്ഥമാക്കിയിരുന്ന പ്രവണത ഇതോടെ ഇല്ലാതായി. 

മുമ്പ് ടെസ്റ്റില്‍ പങ്കെടുക്കുന്നവരില്‍ 70 ശതമാനം പേരും ജയിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 35-50 ശതമാനം വരെയായി കുറഞ്ഞു. പരാജയപ്പെടുന്നവര്‍ അടുത്ത സ്ലോട്ടിനായുള്ള കാത്തിരിപ്പാണ്. സ്ലോട്ടു കിട്ടാനും കാലതാമസമുണ്ടാകുന്നുണ്ട്. 

പരാജയപ്പെടന്നവരില്‍ വിദേശത്തേക്ക് പോകേണ്ടവര്‍ ഉള്‍പ്പെടെയുണ്ടെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രമുള്ളവര്‍. വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്നവരില്‍ വിസയും വിമാന ടിക്കറ്റും ഹാജരാക്കുന്നവര്‍ക്കും തീയതിയില്‍ ഇളവു നല്‍കുന്നുണ്ടെങ്കിലും ഗ്രൗണ്ടിലെ പ്രതിസന്ധിക്കു മാറ്റമില്ല.

ഇതോടെ കാശ് അല്പം മുടക്കിയാലും ടെസ്റ്റ് പോലുമില്ലാതെ വേണമെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് കീശയിലാക്കാമെന്നതിനാല്‍ അത്യാവശ്യക്കാര്‍ ഇതര സംസ്ഥാനങ്ങളെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 

ഏതൊരു സംസ്ഥാനത്തു നിന്ന് എടുക്കുന്ന ലൈസന്‍സ് കൊണ്ട് രാജ്യത്ത് എവിടേയും വാഹനം ഓടിക്കാനാവും പിന്നെ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് കേരളത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് നിര്‍ബന്ധമെന്ന് യുവാക്കള്‍ ചോദിക്കുന്നു. 

നിലവില്‍ കര്‍ണാടക, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ എത്തുന്നത്. മുമ്പും ഇവ സജീവമായിരുന്നു എങ്കിലും ഇത്രയധികം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നില്ല.  എളുപ്പത്തില്‍ ലഭിക്കുന്ന ഇതര സംസ്ഥാന ഡ്രൈവിങ്ങ് ലൈസന്‍സിന് പിന്നാലെ നമ്മുടെ നാട്ടുകാര്‍ പോയാല്‍ അങ്കലാപ്പിലാകുന്നത് നാട്ടിലെ ഡ്രൈവിങ് സ്‌കൂളുകള്‍ തന്നെയാണ്.

നേരത്തെ റോഡ് ടെസ്റ്റില്‍ ഒരു കിലോ മീറ്റര്‍ വണ്ടിയോടുമ്പോള്‍ കുറഞ്ഞതു നാലുപേര്‍ എങ്കിലും ഡ്രൈവ് ചെയ്യുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ റോഡ് ടെസ്റ്റും കര്‍ശനമായിരിക്കുകയാണ്. ചെറിയ ന്യൂനത പോലും പരാജയത്തിനു കാരണമാകുന്നതായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു.

ഇതോടെ ഇതര സംസ്ഥാന ലൈസന്‍സുകള്‍ വളരെ എളുപ്പത്തില്‍ സംഘടിപ്പിച്ചു നല്‍കാന്‍ ഏജന്റുമാരും ഇപ്പോള്‍ രംഗത്തുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ എവിടെയോ വാടകയ്ക്ക് താമസിക്കുന്നുവെന്ന വ്യാജേന ഒരു ഫേക്ക് അഡ്രസും വെച്ചാണ് ഈ ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നത്.

Advertisment