എടത്വ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി മരിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് ആശുപത്രിക്കെതിരേ കേസെടുത്തു.
എടത്വ കൊടുപ്പുന്ന കോലത്ത് കെ.ജെ. മോഹനന്റെ മകള്‍ നിത്യ(28)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറിന് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനായി നിത്യയെ പ്രവേശിപ്പിച്ചിരുന്നു. 11ന് സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു.
പ്രസവത്തെത്തുടര്‍ന്ന് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ ഇതിന് സമ്മതിച്ചിരുന്നു. എന്നാല്‍, വൈകിട്ട് മൂന്നോടെ ഹൃദയതകരാറുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍, നിത്യയുടെ നിലഗുരുതരമാണെന്ന് ആശുപത്രിക്കാര്‍ അറിയിച്ചിട്ടും കാണാനോ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനോ സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറോടെ നിത്യ മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിക്കെതിരേ പ്രതിഷേധിക്കുകയും തിരുവല്ല ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.