മാന്നാറില്‍ വീട്ടമ്മയുടെ കൊലപാതകം:  മൂന്ന് പ്രതികള്‍ അറസ്റ്റില്‍

ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്.

New Update
868

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുമ്പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളെ  അറസ്റ്റ് ചെയ്തു. ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍ ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കും. 

Advertisment

കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് കേസിലെ ഒന്നാംപ്രതി. പരപുരുഷബന്ധം ആരോപിച്ച് കലയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ എഫ്.ഐ.ആര്‍. 2009ല്‍ പെരുമ്പുഴ പാലത്തില്‍ വച്ചായിരുന്നു സംഭവം. 

തുടര്‍ന്ന് മാരുതി കാറില്‍ കൊണ്ടുപോയി മൃതദേഹം മറവുചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നോ എങ്ങനെയാണ് മൃതദേഹം മറവുചെയ്തതെന്നോ
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 

കഴിഞ്ഞദിവസം അനില്‍കുമാറിന്റെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളെന്ന് കരുതുന്ന ചില വസ്തുക്കളും ലോക്കറ്റും ഹെയര്‍ക്ലിപ്പും വസ്ത്രത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. 

ബുധനാഴ്ച ഫൊറന്‍സിക് സംഘത്തിന്റെ വിശദപരിശോധനയും സ്ഥലത്ത് നടക്കും. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ് നടക്കുകയെന്നാണ് സൂചന. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കൊപ്പം സുരേഷ്‌കുമാര്‍ എന്നയാളെ കൂടി കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

എന്നാല്‍, ഇയാളെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. കേസില്‍ ഒന്നാംപ്രതിയായ അനില്‍കുമാറിനെതിരേ നിര്‍ണായക സാക്ഷിമൊഴി നല്‍കിയതും ഇയാളാണ്. പെരുമ്പുഴ പാലത്തിന് മുകളില്‍വച്ച് കാറിനുള്ളിലിട്ട് അനില്‍കുമാറാണ് കലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് ഇയാളുടെ മൊഴി.

കൃത്യം നടത്തിയശേഷം മൃതദേഹം മറവുചെയ്യാന്‍ അനില്‍കുമാര്‍ തന്റെ സഹായംതേടി. എന്നാല്‍, തനിക്ക് ഇതിന് കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു. അതിനിടെ, കേസിലെ ഒന്നാംപ്രതിയായ അനില്‍ കുമാറിനെ രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്. 

Advertisment