തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാതായി. നീലഗിരി പോനൂര്‍ ബോയ്സ് കമ്പനിയില്‍ സുരേഷ് കുമാറിന്റെ മകന്‍ അമന്‍ കുമാറി(21)നെയാണ് തിരകളില്‍പ്പെട്ട് കാണാതായത്. രത്തിനം ഐ.ടി. കമ്പനി ജീവനക്കാരനാണ് അമന്‍.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നീലഗിരിയില്‍ നിന്നെത്തിയ ആറംഗ സംഘം തമ്പാന്‍കടവ് അറപ്പത്തോടിനു സമീപം കടലില്‍ ഇറങ്ങുകയായിരുന്നു. യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് അഴീക്കോട് തീരദേശ പോലീസിന്റെ സ്പീഡ് ബോട്ട് തെരച്ചിലിനെത്തിയെങ്കിലും ശക്തമായ തിരയില്‍ ബോട്ടിന് സഞ്ചരിക്കാനായില്ല.
തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തീരദേശ പോലീസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം നേടിയിട്ടുണ്ട്. അടിയൊഴുക്കും തീരക്കടലില്‍ കുഴികളുമുള്ള ഇവിടെ മൂന്ന് വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു യുവാക്കള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചിട്ടുണ്ട്.