കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം.
ഭീഷണിപ്പെടുത്തി യുവതിയെക്കൊണ്ട് മൊഴിമാറ്റിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി രാഹുലിനെതിരെ യുവതി കോടതിയില്‍ നല്‍കിയ രഹസ്യമൊഴി കണക്കിലെടുത്ത് അന്വേഷണ സംഘം മുന്നോട്ട് പോകും.
ഒന്നാംപ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി കേസില്‍ അഞ്ചുദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തിനിടെ രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ സഹായിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും.
പരാതിക്കാരിയുടെ മൊഴിമാറ്റം പ്രതികള്‍ക്ക് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പോലീസ് പറയുന്നു. അതിനിടെ യുവതിയെ
ഭീഷണിപ്പെടുത്തുകയോ വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം പരാതിക്കാരി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. യുവതി പൂര്‍ണ സമ്മതത്തോടെയാണ് ഒപ്പിട്ട് നല്‍കിയത്. തുടര്‍നടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചതായും അഭിഭാഷകന്‍ പറഞ്ഞു.