കോട്ടയം: തകര്‍ച്ചയുടെ വക്കില്‍ നാഗമ്പടം നെഹ്റു സ്റ്റേഡിയം. പരിശീലനത്തിന് എത്തുന്ന കായികതാരങ്ങളും പ്രഭാത-സായാഹ്ന സവാരിക്കെത്തുന്നവരുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
സ്റ്റേഡിയം നവീകരിക്കുമെന്ന വാഗ്ദാനം വാക്കിലൊതുങ്ങുന്ന സ്ഥിതിയാണ്. നഗരസഭ ഒന്നിനും മുന്‍കൈ എടുക്കുന്നില്ല. പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ മാത്രം പേരിന് സ്റ്റേഡിയത്തില്‍ എന്തെങ്കിലും കാട്ടിക്കൂട്ടി എല്ലാം അവസാനിപ്പിക്കാറാണ് അധികൃതര്‍ ചെയ്യാറുള്ളത്.
മൈതാനത്ത് ഒരാള്‍പൊക്കത്തിലാണ് പുല്ല് വളര്‍ന്ന് നില്‍ക്കുന്നത്. ഇടക്കാലത്ത് പേരിന് മാത്രമായി വൃത്തിയാക്കി അധികൃതര്‍ തടിതപ്പി. മൈതാനത്തും കളിസ്ഥലങ്ങളിലും എല്ലാം കാട് വളര്‍ന്നിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്.
എന്നാല്‍, സ്റ്റേഡിയത്തിലെ പുല്ല് വെട്ടിക്കളഞ്ഞ് പരിപാലിക്കുന്നതില്‍ അധികൃതര്‍ കൃത്യത പാലിക്കുന്നില്ല. ഫുട്‌ബോള്‍ സ്റ്റേഡിയം, 400 മീറ്റര്‍ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്, ബസ്‌ക്കറ്റ് ബോള്‍ സ്റ്റേഡിയം, വോളിബോള്‍ കോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം പുല്ല് വളര്‍ന്നു. ഇതിനൊപ്പം ചെളിയും നിറഞ്ഞ നിലയിലാണ്.
പുല്ലു വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇഴജന്തുക്കളെ പേടിച്ച് നടക്കേണ്ട സ്ഥിതിയാണ്. സ്റ്റേഡിയത്തിന്റെ ഗാലറിക്ക് സമീപം ഓട തുറന്ന് വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്. പ്രഭാത സവാരിക്ക് എത്തുന്നവര്‍ ടോര്‍ച്ചുമായാണ് ഇവിടെയെത്തുന്നത്.
മഴക്കാലം മഴുവനും സ്റ്റേഡിയം വെള്ളം കയറി ഉപയോഗശൂന്യമായ നിലയിലായിരിക്കും. പിന്നീട് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ പരിശീനം നടത്താന്‍ മറ്റു സ്ഥലങ്ങള്‍ തേടിപോകേണ്ട അവസ്ഥയാണ്.