/sathyam/media/media_files/2025/08/10/oif-2025-08-10-15-44-25.jpg)
കോട്ടയം: മുളക്കുളം പഞ്ചായത്ത് അംഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി. മുളക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡ് (വടുകുന്നപ്പുഴ) ബി.ജെ.പി. അംഗം വടുകുന്നപ്പുഴ മരോട്ടിക്കല്‍ അജിത് കുമാറിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത പ്രഖ്യാപിച്ചത്.
പഞ്ചായത്ത് രാജ് ആക്ട് 35 (1) ലംഘനമാണ് അജികുമാര്‍ നടത്തിയതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ കണ്ടെത്തി. ഇതോടെ ഇനിമുതല്‍ പഞ്ചായത്തിന്റെ കമ്മറ്റിയിലോ മറ്റു പരിപാടികളോ പങ്കെടുക്കാന്‍ കഴിയുകയില്ല. 2023 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജികുമാറിന്റെ പേരിലുള്ള ടാക്സി കാര്‍ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് (എ.ഇ.) വാടകയ്ക്ക് ഓടി പഞ്ചായത്തില്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റി എന്നതാണ് കേസ്.
ഇതേ പഞ്ചായത്തിലെ ഒന്നാം വാര്‍ഡംഗം സി.പി.എം. പ്രതിനിധി അരുണ്‍ കെ.ആര്‍. നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. എന്നാല്‍, പരാതിക്കാരന്‍ കൂടി ഉള്‍പ്പെട്ട കമ്മറ്റിയാണ് തനിക്ക് വണ്ടി ഓടാന്‍ അനുവാദം നല്‍കിയതെന്നും തുടര്‍ന്ന് പരാതി വന്നപ്പോള്‍ കരാര്‍ റദ്ദാക്കുകയും അതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് കേസ് നല്‍കിയതെന്നും അജി വാദിച്ചു. എങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിധി.