കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ സ്‌കാനിങ് യന്ത്രം തകരാറില്‍, കോളടിച്ചു സ്വാകാര്യ ലാബുകള്‍, ആളെ കൂട്ടാന്‍ സ്പെഷല്‍ ഓഫറുകളും ലാബുകള്‍ നല്‍കുന്നുണ്ട്. ക്യാന്‍വാസിങ്ങിനായി പ്രത്യേകം ആളുകളും റെഡി.
ഒരു മാസമായി കോട്ടയം മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ സ്‌കാനിങ് യന്ത്രം തകരാറിലായതാണ് പ്രതിസന്ധിക്കു കാരണം.
ദിവസവും 300 വരെ സ്‌കാനിംഗാണ് ഇവിടെ വിഭാഗത്തില്‍ നടക്കുന്നത്. ഓവര്‍ലോഡായതോടെ മെഷീന് പണികിട്ടി. അരക്കോടിയോളം മുടക്കണം മെഷീന്‍ സജ്ജമാക്കാന്‍. കോവിഡ് കാലത്താണ് ആറരക്കോടി രൂപ മുടക്കി അമേരിക്കന്‍ കമ്പനിയായ ജി.ഇയുടെ യന്ത്രം സ്ഥാപിച്ചത്.
യന്ത്രം കേടായതോടെ മാസങ്ങളായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന രോഗികള്‍ക്കു സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. ഏറ്റവും ചെലവേറിയ എം.ആര്‍.ഐ. സ്‌കാനിംഗിന് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരുടെ കീശ കാലിയാക്കുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ ക്യാന്‍സര്‍ വാര്‍ഡിലെ സ്‌കാനിംഗ് മെഷീനാണ് ആശ്രയം. എന്നാല്‍ ഇവിടെ പരമാവധി 20 എണ്ണമേ ചെയ്യാനാകൂ. സ്‌കാനിംഗ് നടക്കാത്തതിനാല്‍ രോഗനിര്‍ണയം നടത്താനാവാതെ ഡോക്ടര്‍മാരും ബുദ്ധിമുട്ടുകയാണ്.
മെഷീന്‍ സജ്ജമാകാന്‍ രണ്ട് മാസമെങ്കിലുമെടുക്കുമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. പുതിത് ഒരെണ്ണം കൂടി ഉടന്‍ സ്ഥാപിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും അധികൃതര്‍ പറയുന്നു.