കോട്ടയം നഗരസഭയില്‍ 89 ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റി, ഒരു നഗരസഭയില്‍ നിന്ന് ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റുന്നതു സംസ്ഥാനത്ത് ആദ്യം; പലരും സ്ഥലം മാറ്റം ചോദിച്ചു വാങ്ങി പോയവരെന്നു വിശദീകരണം

ഒരു വര്‍ഷം മാത്രം ജോലി ചെയ്തവരും തദ്ദേശ വകുപ്പ് ഡയറക്ടറേറ്റില്‍ ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് മാറിയതോടെയാണ് ഇത്രയധികം ജീവനക്കാര്‍ ഒഴിവായത്

New Update
kottayam-nagarasabha-1

കോട്ടയം: കോട്ടയം നഗരസഭയില്‍ 89 ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റി. പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമാണെന്നാണ് നടപടിയെന്നാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം. ഒരു നഗരസഭയില്‍ നിന്ന് ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്.

Advertisment

നഗരസഭ കോട്ടയം കേന്ദ്ര ഓഫീസ്, കുമാരനല്ലൂര്‍, നാട്ടകം,തിരുവാതുക്കല്‍ മേഖലാ ഓഫീസുകള്‍ എന്നിവിടങ്ങളിലായി ആകെ 157 സ്ഥിരം ജീവനക്കാരാണുള്ളത്. നഗരസഭാ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും മുന്‍ ജീവനക്കാരന്‍ 2.4 കോടി രൂപ തട്ടിയെടുത്ത് ഉള്‍പ്പെടെ നിരന്തരം കേസുകളും ഓഫീസ് കേന്ദ്രീകരിച്ച് തുടരന്വേഷണവും നടക്കുന്നതിനാല്‍ കൂടുതല്‍ ജീവനക്കാരും സ്ഥലം മാറ്റത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 3 വര്‍ഷം ഇവിടെ ജോലി ചെയ്തവര്‍ ചട്ടപ്രകാരം തന്നെ സ്ഥലം മാറ്റം വാങ്ങി.

ഒരു വര്‍ഷം മാത്രം ജോലി ചെയ്തവരും തദ്ദേശ വകുപ്പ് ഡയറക്ടറേറ്റില്‍ ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് മാറിയതോടെയാണ് ഇത്രയധികം ജീവനക്കാര്‍ ഒഴിവായത്. പകരം ഉദ്യോഗസ്ഥര്‍ ചുമതല ഏല്‍ക്കുന്നതേയുള്ളൂ. രണ്ടാഴ്ച മുമ്പാണ് ഉത്തരവിറങ്ങിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍211 കോടി രൂപയുടെ ക്രമക്കേട് എന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു നഗരസഭയില്‍ വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇവിടെ ചെക്കും, ഡ്രാഫ്റ്റുകളുമായി പണം അടക്കാനായി രസിതു നല്‍കി കൈപ്പറ്റിയ രേഖകള്‍ ബാങ്കുകളില്‍ എത്താതെ 211 കോടി രൂപയാണു കാണാതായത്. 

മുനിസിപ്പാലിറ്റികള്‍ പ്രത്യേക വിഭാഗമായാണു പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തു വകുപ്പുമായി ബന്ധമുണ്ടായിരുന്നില്ല. രണ്ടു വകുപ്പുകളും യോജിപ്പിച്ചു ഡയറക്ടറേറ്റ് രൂപീകരിച്ചതോടെയാണു കോട്ടയം നഗരസഭയിലെ ക്രമക്കേടുകള്‍ പുറത്തുവന്നത്. എന്നാല്‍, ക്രമക്കേട് നടന്നിട്ടില്ലെന്നും ക്ലറിക്കല്‍ പിശക് മാത്രമാണുണ്ടായതെന്നുമായിരുന്നു യു.ഡി.എഫ്. വാദം. എന്നാല്‍, വിജിലന്‍സ് ഇതു തള്ളുകയും ചെയ്തിരുന്നു.

 

Advertisment