കോട്ടയം: ഹൗസ് ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്നു. ശനിയാഴ്ച ആര്‍ ബ്ലോക്കിന് സമീപത്ത് ഹൗസ്ബോട്ട് തീ പിടിച്ചു കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഹൗസ്ബോട്ട് കത്തിനശിക്കാന്‍ കാരണമെന്ന പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച പരിശോധനകള്‍ നടക്കുകയാണ്.
നെഹ്റു ട്രോഫി ജലോത്സവം നടന്ന ദിവസം തന്നെ ഇത്തരം ഒരു അപകടം നടന്നത് ഇപ്പോള്‍ കടുത്ത ആശങ്കയ്ക്കിടയാക്കിയത്. മുമ്പും നിരവധി അപകടങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു വര്‍ഷം മുന്‍പ് ആലപ്പുഴ ചുങ്കത്ത് ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശി മരണമടഞ്ഞിരുന്നു. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് അന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
തുടര്‍ന്ന് വളരെ പഴക്കം ചെന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ ബോട്ടുകള്‍ കായലില്‍ സഞ്ചാരികളെയും കൊണ്ട് വിഹാരം നടത്തുന്നുണ്ടെന്ന ആരോപണങ്ങളുണ്ടായിരുന്നു. പിന്നാലെ പരിശോധനകളും മറ്റുമായി അധികൃതര്‍ രംഗത്തു വന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
എന്നാല്‍, വീണ്ടും അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ ഹൗസ്ബോട്ടുകള്‍ സുരക്ഷിതമല്ലെന്ന തോന്നലുണ്ടാക്കുന്നുണ്ട്. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ മുഖമെന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന ഹൗസ്ബോട്ടുകളുടെ നിലനില്‍പ്പ് തന്നെ ആശങ്കയിലാവും.
1991ലാണ് ആലപ്പുഴയിലെയും കുട്ടനാട്ടിലെയും ചരക്കുകള്‍ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങള്‍ മാറ്റം വരുത്തി ഹൗസ് ബോട്ടുകളാക്കി കായലിലിറക്കിയത്. സംഭവം വിജയിക്കുമോ എന്ന ശങ്കയുണ്ടായിരുന്നുവെങ്കിലും ഉടമകളുടെ പ്രതീക്ഷ പോലെ ധാരാളം പേര്‍ ഹൗസ് ബോട്ടുകള്‍ കാണാനും താമസിക്കാനുമെത്തി.
വൈകാതെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ പ്രധാനിയായി ബോട്ടുകള്‍ മാറി. ഇന്നു സ്റ്റാര്‍ സംവിധാനങ്ങളോടു കിടപിക്കുന്ന ആഡംബരമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്നത്ര സൗകര്യങ്ങളുള്ള ഹൗസ്ബോട്ടുകള്‍ വരെയുണ്ട്. പ്രധാനമായും രണ്ടു തരത്തിലുള്ള ഹൗസ് ബോട്ടുകളാണുള്ളത് പ്രീമിയം അല്ലെങ്കില്‍ ഡീലക്സ് ഹൗസ് ബോട്ടുകളും സൂപ്പര്‍ ഡീലക്സ് ഹൗസ് ബോട്ടുകളും.
ഇരുപത്തിനാല് മണിക്കൂറും എസി സൗകര്യങ്ങള്‍ ലഭ്യമാകുന്നവയാണ് സൂപ്പര്‍ ഡീലക്സ് ഹൗസ് ബോട്ടുകള്‍. രാത്രിയില്‍ മാത്രം പത്തുമണിക്കൂര്‍ വരെ എ.സി. പ്രവര്‍ത്തിപ്പിക്കുന്നവയാണ് ഡീലക്സ് ഹൗസ് ബോട്ടുകള്‍. മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള അകത്തളങ്ങള്‍, അത്യാഡംബരം തുളുമ്പുന്ന ഫര്‍ണിഷിങ്, എയര്‍ കണ്ടിഷന്‍ ചെയ്ത മനോഹരമായ കിടപ്പു മുറികള്‍, ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ടോയ്ലെറ്റുകള്‍, സ്വീകരണ മുറികള്‍, നന്നായി ഒരുക്കിയിട്ടുള്ള അടുക്കള, ബാല്‍ക്കണി എന്നുവേണ്ട അതിഥികളുടെ ആവശ്യങ്ങളെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഓരോ ഹൗസ്ബോട്ടിന്റെയും അകത്തളങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
അപകടങ്ങള്‍ ഉണ്ടാകുമ്പോഴും ഹൗസ്ബോട്ടുകള്‍ സുരക്ഷിതം തന്നെയാണെന്നാണ് അധികൃതരും ബോട്ട് ഉടമകളും പറയുന്നത്. ചില ബോട്ടുകള്‍ക്ക് കാലപ്പഴക്കവും കൃതമായി മെയിന്റനന്‍സ് ചെയ്യാത്തതുമാണ് വില്ലനാകുന്നത്. സമയാസമയങ്ങളില്‍ പുതുക്കിയും അറ്റകുറ്റപ്പണികള്‍ ചെയ്തും മുന്നോട്ടു പോകുകയാണെങ്കില്‍ ഓരോ ഹൗസ്ബോട്ടുകളും വര്‍ഷങ്ങളോളം ഉപയോഗിക്കാം. എന്നാല്‍, ഇവ സുരക്ഷിതമെന്ന് ഉറപ്പിക്കാന്‍ അധികൃതര്‍ പരിശോധന ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.