പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊല കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവിനു ശിക്ഷിച്ചുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. കൂടുതല്‍ ശിക്ഷയ്ക്ക് അപ്പീല്‍ പോകുമെന്നും ഹരിത പറഞ്ഞു. കോടതിവളപ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹരിത.
''ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവര്‍ക്ക് ഈ ശിക്ഷ കൊടുത്തതില്‍ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു.
വിചാരണ ഘട്ടത്തില്‍ എന്നെയും കൊല്ലുമെന്ന തരത്തില്‍ ഭീഷണികളുണ്ടായിരുന്നു. അനീഷേട്ടന്റെ വീട്ടുകാര്‍ക്ക് നേരെയും ഭീഷണിയുണ്ട്. പരിസരത്തുള്ള ആളുകളാണ് ഭീഷണിപ്പെടുത്തിയത്. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. സര്‍ക്കാരുമായി സംസാരിച്ച് അപ്പീലുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ..'' -ഹരിത പറഞ്ഞു.