തൃശൂര്‍: നാട്ടികയില്‍ ലോറി കയറി അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍.
നിര്‍ഭാഗ്യകരമായ സംഭവമാണ്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ള ആറുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കമ്മിഷണറും കളക്ടറും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. വണ്ടി ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയത്. കുറ്റക്കാരെ വെറുതെ വിടില്ല. സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. പഴുതുകളില്ലാതെ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു സര്‍ക്കാര്‍ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. കളക്ടര്‍ ഇതിന് നേതൃത്വം നല്‍കും. സംസ്‌കാരത്തിന് ഉള്‍പ്പെടെ സഹായങ്ങള്‍ നല്‍കും. ചികിത്സയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടം മേല്‍നോട്ടം വഹിക്കും. മരണപ്പെട്ടവര്‍ക്ക് ധനസഹായമുണ്ടാകും. കൂടുതല്‍ സഹായങ്ങളും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.