Advertisment

തൃശൂരില്‍ രാത്രി ജനല്‍ക്കമ്പി പൊളിച്ച് മോഷണം; റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് കവര്‍ന്നത് 35 പവന്‍, അന്വേഷണം

റെയില്‍വേ ഉദ്യോഗസ്ഥന്‍ ചെമ്പകശേരി പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്.

New Update
355

തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ വീട്ടില്‍ നിന്നും 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍ ചെമ്പകശേരി പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്.

Advertisment

ജനല്‍ക്കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രി 11.30ന് പ്രകാശനും കുടുംബവും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് രണ്ടരയോടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ടു. 

ഉടന്‍ പോയി നോക്കിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ജനല്‍ക്കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്.

അറ്റകുറ്റപ്പണി നടക്കുന്ന അപ്പുറത്തെ വീട്ടില്‍ നിന്ന് കമ്പിപ്പാരയെടുത്താണ് ജനല്‍ പൊളിച്ച് മോഷണം നടത്തിയത്. ബന്ധുവിന്റെ വിവാഹത്തിനായി ബാങ്കില്‍ നിന്നെടുത്തു സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വീട്ടില്‍ പ്രകാശനും ഭാര്യയുമുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment