തൃശൂര്‍: ആംബുലന്‍സില്‍ തൃശൂര്‍ പൂരം നടക്കുന്ന വേദിയിലേക്ക് എത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. തൃശൂര്‍ സിറ്റി ഈസ്റ്റ് പോലീസാണ് കേസെടുത്തത്. അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തു.
സി.പി.ഐ. നേതാവ് സുരേഷ് നല്‍കിയ പരാതിയിലാണ് നടപടി. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് എഫ്.ഐ.ആര്‍. ലോക്സഭാ ഇലക്ഷന്‍ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി രോഗികളെ മാത്രം കൊണ്ടുവരാന്‍ അനുവാദമുള്ള ആംബുലന്‍സ് ഉപയോഗിച്ചു.
പൂരത്തിന്റെ ഭാഗമായ വാഹന നിയന്ത്രണം നിലനില്‍ക്കെ അത് ലംഘിച്ച് ആംബുലന്‍സ് റൗണ്ടിലൂടെ ഓടിച്ചു. മനുഷ്യജീവന് ഹാനി വരുത്താന്‍ സാധ്യതയുള്ള രീതിയില്‍ ജനത്തിനിടയിലൂടെ അപകടകരമായ രീതിയില്‍ ആംബുലന്‍സ് ഓടിച്ചെന്നുമാണ് എഫ്.ഐ.ആര്‍.