കോട്ടയം നഗരം ഇരുട്ടില്‍; തമ്പടിച്ചു മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും; ഇരുട്ടിന്റെ മറവില്‍ സ്ത്രീ യാത്രികര്‍ക്ക് നേരെ അസഭ്യവര്‍ഷവും പതിവ്

ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും വന്നിറങ്ങുന്ന സ്ത്രീ യാത്രികര്‍ ഭീതിയോടെയാണ് യാത്രചെയ്യുന്നത്.

New Update
35353

കോട്ടയം: കോട്ടയം നഗരം ഇരുട്ടില്‍.. മോഷ്ടാക്കള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും നഗരപ്രദേശങ്ങള്‍ ഇഷ്ട കേന്ദ്രമാകുകയാണ്. ഇരുട്ടിന്റെ മറവില്‍ സ്ത്രീ യാത്രികര്‍ക്ക് നേരെയുള്ള സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങളും വര്‍ധിക്കുകയാണ്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും വന്നിറങ്ങുന്ന സ്ത്രീ യാത്രികര്‍ ഭീതിയോടെയാണ് യാത്രചെയ്യുന്നത്.

Advertisment

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ടൗണിലെ എട്ടോളം കടകളില്‍ ഒരേസമയം മോഷണങ്ങള്‍ നടന്നത്. ആരാധനാലയങ്ങള്‍, വീടുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ഇരുട്ടിന്റെ മറവില്‍ മോഷണം വര്‍ദ്ധിക്കുന്നു. കുമാരനല്ലൂര്‍ മേഖലയില്‍ ഉള്‍പ്പെടെ മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കാന്‍ തെരുവുവിളക്കുകളുടെ അഭാവവും കാരണമായതായി ആക്ഷേപമുണ്ട്.

മാലിന്യങ്ങള്‍ തള്ളാനെത്തുന്നവര്‍ക്കും അനുകൂല സാഹചര്യമൊരുക്കുന്നു. ആളൊഴിഞ്ഞ ബൈപ്പാസ് റോഡുകള്‍, ഇടറോഡുകള്‍ എന്നിവിടങ്ങളില്‍ അന്യജില്ലകളില്‍ നിന്നുള്‍പ്പെടെയാണു മാലിന്യം തള്ളുന്നത്. മതിയായ വെളിച്ചമില്ലാത്തത് അപകടങ്ങള്‍ക്കും ഇടയാക്കുന്നു.

വഴിവിളക്കുകളുടെ പരിപാലനത്തില്‍ മെല്ലെപ്പോക്ക്, നഗര ഗ്രാമ വ്യത്യാസമില്ലാതെ പൊതുഇടങ്ങളിലെ ഭൂരിഭാഗം വഴി വിളക്കുകളും അണഞ്ഞു തന്നെ. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. നഗരസഭാ ഓഫീസിനു സമീപമുള്ള കെ.കെ. റോഡ്, എം.സി. റോഡ്, എം.എല്‍. റോഡ്, ടി.ബി. റോഡ്, ലോഗോസ് റോഡ്, കോടിമത നാലുവരിപ്പാത, ഈരയില്‍ക്കടവ് ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലെ പല ഭാഗങ്ങളും ഇരുട്ടിലാണ്.

വഴിവിളക്കുകള്‍ തെളിയാതായതോടെ മോഷണശല്യവും വര്‍ധിച്ചിരിക്കുകയാണ്. കാല്‍നടയാത്രികര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ആശ്രയം വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ്. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിലാവ് പദ്ധതി പ്രകാരം പുതിയ ബള്‍ബുകള്‍ സ്ഥാപിക്കാനും തീരുമാനമായിരുന്നു. 52 വാര്‍ഡുകളിലായി 10718 ബള്‍ബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മുനിസിപ്പല്‍ പരിധിയില്‍ പഴയ ബള്‍ബുകള്‍ മാറ്റി എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കുമെന്നായിരുന്നു. എന്നാല്‍, നാളിതുവരെ ബള്‍ബുകള്‍ സ്ഥാപിക്കാന്‍ നടപടിയായില്ല.

Advertisment