കൊച്ചി: സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടുനല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാന്‍ എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തീരുമാനമെടുത്ത ഹിയറിംഗില്‍ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
വീണ്ടും ഹിയറിംഗ് നടത്താന്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ മേധാവിയെ ചുമതലപ്പെടുത്താന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് വി.ജി. അരുണ്‍ വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
മൃതദേഹം ഏറ്റെടുക്കാനുള്ള കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീരുമാനം ചോദ്യം ചെയ്ത് ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ആവശ്യപ്പെട്ടിരുന്നു.