Advertisment

കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ പഴക്കം ചെന്ന ആറ് വെടിയുണ്ടകള്‍ കണ്ടെത്തി; സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് പൊലീസ്

പഴയൊരു തെങ്ങിന്‍ കുറ്റിയുടെ വേരിനോട് ചേര്‍ന്നാണ് വെടിയുണ്ടകൾ കണ്ടത്

New Update
bullet Untitledsum

കോഴിക്കോട്: അത്തോളി കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. സുബേദാര്‍ മാധവക്കുറുപ്പ് റോഡിന് സമീപത്തെ പറമ്പില്‍ നിന്നാണ് പഴക്കം ചെന്ന ആറ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

Advertisment

പറമ്പില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ അയല്‍വാസിയാണ് വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അത്തോളി സ്വദേശി ജിതേഷിന്‍റെ കുടുംബ സ്വത്തില്‍പ്പെട്ട സ്ഥലത്ത് നിന്നാണ് അയൽവാസിയായ സുനീഷിന് വെടിയുണ്ടകൾ ലഭിച്ചത്. ലഭിച്ച ആറ് വെടിയുണ്ടകളിൽ നാലെണ്ണം പൂർണ തോതിലുള്ളതും രണ്ടെണ്ണം മുറിഞ്ഞ നിലയിലും ആണുള്ളത്.

പഴയൊരു തെങ്ങിന്‍ കുറ്റിയുടെ വേരിനോട് ചേര്‍ന്നാണ് വെടിയുണ്ടകൾ കണ്ടത്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് റൂറല്‍ പൊലീസ് ആര്‍മറി വിങ്ങില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. എഎസ്ഐ ബെന്നി സ്‌റ്റാന്‍ലിയുടെ നേതൃത്വത്തിലാണ് വെടിയുണ്ടകള്‍ പരിശോധിച്ചത്. വെടിയുണ്ടകള്‍ക്ക് വലിയ കാലപ്പഴക്കം ഉള്ളതായി സംഘം സൂചിപ്പിച്ചു.

വെടിയുണ്ടകള്‍ ബോംബ് സ്‌ക്വാഡിന് കൈമാറുമെന്ന് അത്തോളി എസ്ഐആര്‍ രാജീവ് അറിയിച്ചു. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment