തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ പോലീസ് ചോദ്യം ചെയ്യും.
ഇയാളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിരുന്നു.
ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ഹരികുമാര്‍ കുറ്റം നിഷേധിക്കുകയും താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നും കോടതിയില്‍ പറഞ്ഞിരുന്നു. ചികിത്സ വേണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. അതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍ നെയ്യാറ്റിന്‍കര സബ് ജയിലില്‍ റിമാന്‍ഡിലാണ് ഹരികുമാര്‍.
ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ നിയമന ഉത്തരവ് നല്‍കി കബളിപ്പിച്ചുവെന്ന കേസില്‍ ഹരികുമാറിന്റെ സഹോദരിയും ദേവേന്ദുവിന്റെ അമ്മയുമായ ശ്രീതു അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.
പത്തോളം പേരില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന് പങ്കുണ്ടൊയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.