കോട്ടയം: ആള്‍മറയില്ലാത്തതും തുറസായതുമായ കിണറുകള്‍ ജീവന് ഭീഷണിയാകുന്നു. സംസ്ഥാനത്തുടനീളം ഇത്തരം ആള്‍മറയില്ലാത്ത കിണറുകള്‍ ഏറെയാണ്. ഇതില്‍ ആളുകള്‍ വീണുണ്ടാകുന്ന ദുരിതവും ചെറുതല്ല.
കണ്ണൂരില്‍ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചിരുന്നു. ഓടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ കുട്ടി വീഴുകയായിരുന്നു. തുവ്വക്കുന്ന് ചേലക്കാട് പള്ളിക്ക് സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം.
വൈകിട്ട് അഞ്ചരയോടെ കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറമ്പിലൂടെയാണ് കുട്ടികള്‍ ഓടിയത്. വീടിനോട് ചേര്‍ന്നുള്ള ആള്‍മറിയല്ലാത്ത കിണറ്റിലേക്കാണ് കുട്ടി ഓടിക്കേറിയത്. പക്ഷേ, ആള്‍മറിയില്ലാതിരുന്നതും ചുറ്റും കാടുപടിച്ചു കിടന്നതും കാരണം അങ്ങനെയൊരു കിണര്‍ അവിടെ ഉണ്ടെന്നു കുട്ടിക്കു തിരിച്ചറിയാനായില്ല.
ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് അഗ്നിരക്ഷാസേന കുട്ടിയെ പുറത്തെടുത്തപ്പോഴേയ്ക്കും കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളോട് ചേര്‍ന്നുള്ളതും പുരയിടങ്ങളിലുള്ളതുമായ കിണറുകളില്‍ നായ്ക്കളും മറ്റ് വളര്‍ത്തുമൃഗങ്ങളും വീഴുന്നതു പതിവായിരിക്കുകയാണ്.
ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നവരും ഏറെ. ആള്‍മറയില്ലാത്ത കിണറുകള്‍ക്ക് ചുറ്റും പുല്‍കാടുകള്‍ വളരുന്നതിനാല്‍ സ്ഥലപരിചയം ഇല്ലാത്തവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത ഏറെയാണ്. കിണര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിനൊപ്പം ചുറ്റും സ്ഥിരമായതും ഉറപ്പുള്ളതുമായ ആള്‍ മറകെട്ടി സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നും നടപടിയെടുക്കാത്തവര്‍ ഏറെ.
ആള്‍മറയില്ലാത്ത കിണറുകള്‍ നികത്താനോ, ആള്‍മറ കെട്ടി സംരക്ഷിക്കാനോ സ്ഥല ഉടമകള്‍ തയാറാകാത്തപക്ഷം നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.