/sathyam/media/media_files/2025/09/12/oip-2-2025-09-12-12-20-12.jpg)
കോട്ടയം: ചങ്ങനാശേരി ഉള്‍പ്പെടെ ജില്ലയിലെ പല ഡിപ്പോകള്‍ക്കും പുതിയ ബസുകള്‍ ലഭിച്ചില്ലെന്ന് ആക്ഷേപം. കെ.എസ്.ആര്‍.ടി.സി. ആകെ 143 ബസുകള്‍ പുറത്തിറക്കിയപ്പോള്‍ ജില്ലയിലെ പല ഡിപ്പോകള്‍ക്കും അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന പരാതിയുണ്ട്.
കോട്ടയം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പുതുതായി എത്തിയത് രണ്ട് എസി സ്ലീപ്പര്‍ കം സീറ്റര്‍ ബസുകളാണ് എത്തിയത്. കോട്ടയത്തുനിന്ന് വൈകിട്ട് 6.50നാണു ബസ് പുറപ്പെടുന്നത്. ഓണത്തിനായി സ്‌പെഷല്‍ സര്‍വീസിനായാണ് എ.സി. സ്ലീപ്പര്‍ ബസുകള്‍ അനുവദിച്ചതെങ്കിലും ഡിപ്പോയിലേക്ക് സ്ഥിരമാക്കുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്.
ഓടിയ എല്ലാ ദിസവങ്ങളിലും നിറഞ്ഞ സീറ്റുകളുമായായിരുന്നു സ്ലീപ്പറിന്റെ സര്‍വീസ്. കഴിഞ്ഞ തിങ്കളാഴ്ച സ്ലീപ്പര്‍ സര്‍വീസില്‍ നിന്നുള്ള വരുമാനം 1.16 ലക്ഷം രൂപയായിരുന്നു.
പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാര്‍ മാത്രമാണ് സ്ലീപ്പര്‍ ബസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും പെരുമാറ്റത്തില്‍ ഉള്‍പ്പെടെ യാത്രക്കാരോട് ഒപ്പം നില്‍ക്കുന്നവരാണ് ഈ ബസുകളിലെ ജീവനക്കാരെന്നും അധികൃതര്‍ പറയുന്നു.
രാവിലെ 10.30ന് തൊടുപുഴ വഴി ബൈസണ്‍വാലിക്കു സര്‍വീസ് നടത്താനായി പുതിയ ഒരു ലിങ്ക് ബസ് കൂടി എത്തിയിട്ടുണ്ട്. പുതിയ 2 സൂപ്പര്‍ ഫാസ്റ്റ് ബസും ഒരു ലിങ്ക് ബസും കൂടി അടുത്ത ദിവസം എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
പാലാ ഡിപ്പോയ്ക്ക് ലഭിച്ച 2 പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും സ്പെഷല്‍ സര്‍വീസായി മൈസൂരുവിലേക്കാണ് സര്‍വീസ് നടത്തുന്നത്. പുതിയ 2 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കൂടി അടുത്ത ദിവസം ലഭിക്കും. ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ലഭിച്ച പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് കോയമ്പത്തൂര്‍ സര്‍വീസിനാണ് അയയ്ക്കുന്നത്. എന്നാല്‍, വരുമാന നേട്ടം ഉണ്ടാക്കിയിട്ടും അര്‍ഹിക്കുന്ന നേട്ടം പല ഡിപ്പോകള്‍ക്കും ലഭിക്കാത്തതില്‍ യാത്രക്കാര്‍ നിരാശയിലാണ്.
വൈക്കം ഡിപ്പോയ്ക്ക് ഓണക്കാലത്ത് 8,38000 രൂപയായിരുന്നു ടാര്‍ജറ്റ് എങ്കില്‍ വരുമാനം 10,11,119 രൂപയായിരുന്നു. ചങ്ങനാശേരി ഡിപ്പോയുടെ ടാര്‍ജറ്റ് 9,84,000 രൂപയും വരുമാനം 11,03,498 രൂപയുമായിരുന്നു.