കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ പന്നിപ്പടക്കം പൊട്ടി പരിക്കേറ്റ കുട്ടിയാന ചരിഞ്ഞ സംഭവം ബോധപൂര്‍വം സൃഷ്ടിച്ച കുറ്റകൃത്യമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.
നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടിവരും. വന്യമൃഗശല്യത്തെ പൊതുവില്‍ എങ്ങനെ നേരിടാം എന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്.
ആനയുടെ മുഖം തകര്‍ന്ന നിലയിലാണ്. അതിനെ രക്ഷിക്കാന്‍ കഴിയുമെന്ന് ആദ്യം കരുതിയിരുന്നില്ല. എങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
ജനങ്ങളുടെ സുരക്ഷയും കൃഷി സംരക്ഷണവും ഭയാശങ്കകളില്ലാതെ മനുഷ്യന് ജീവിക്കാന്‍ കഴിയലുമാണ് മുഖ്യമായ പ്രശ്നം. അതേസമയം, നിയമം കൈയിലെടുക്കുന്ന പ്രവര്‍ത്തനത്തെ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റില്ല.
മുഖ്യപ്രശ്നം ജനങ്ങളുടെ സുരക്ഷയാണ്. വന്യമൃഗങ്ങളെ കൊന്നുതീര്‍ക്കുക എന്നതല്ല. ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടുന്ന വിധത്തിലുള്ള പരിഷ്‌കൃത രീതിയിലുള്ള പരിപാടികള്‍ ആവിഷ്‌കരിച്ച് അവയെയും വനത്തേയും സംരക്ഷിക്കുകയും വേണം. ഇരുതലമൂര്‍ച്ചയുള്ള ഈ കടമകള്‍ ഒരേ സമയത്ത് നിര്‍വഹിക്കേണ്ടി വരുന്നതിലെ പ്രയാസം കൂടി ജനങ്ങള്‍ മനസിലാക്കണമെന്നും ശശീന്ദ്രന്‍ പറഞ്ഞു.