കാസര്‍കോഡ്: ലഹരി വില്‍പ്പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതില്‍ പ്രകോപിതനായി യുവാവിന്റെ വീട് ആക്രമിച്ച കേസില്‍ ലഹരിക്കേസ് പ്രതിയും സഹോദരനും അറസ്റ്റില്‍. ചെങ്കള സ്വദേശി ഉമ്മര്‍ ഫാറുഖ്, സഹോദരന്‍ നയാസ് എന്നിവരാണ് പിടിയിലായത്.
കാസര്‍കോഡ് മാസ്തിക്കുണ്ട് സ്വദേശി അഹമ്മദ് സിനാനിന്റെ വീടാണ് പ്രതികള്‍ ആക്രമിച്ചത്. സിനാനിനും മാതാവ് സല്‍മയ്ക്കും പരിക്കേറ്റിരുന്നു. മാസ്തിക്കുണ്ടില്‍ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും നടക്കുന്നതായി അഹമ്മദ് സിനാനിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആദൂര്‍ പോലീസ് ഉമ്മര്‍ ഫാറുഖിനെയും സുഹൃത്ത് അബൂബക്കര്‍ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തു.
എന്നാല്‍, കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശം ലഹരി മരുന്ന് ഇല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് ഫാറൂഖ് സഹോദരന്‍ നയസുമായി എത്തി അഹമ്മദ് സിനാനിന്റെ വീട് ആക്രമിച്ചത്.