കേരള ആക്ഷന്‍ ഫോഴ്‌സിന്റെയും ജനസേവ ശിശുഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രാഥമിക അത്യാഹിത പരിചരണ പരിശീലന കളരി സംഘടിപ്പിക്കുന്നു. പരിശീലന കളരിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു.
ഒരു അത്യാഹിതമുണ്ടായാല്‍ പൊതുജനങ്ങള്‍ എങ്ങനെ പ്രാഥമിക രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്ന ബോധവല്‍ക്കരണം ഗവണ്‍മെന്ററ് ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുകയാണ് ഈ കളരി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് വീണ് പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എയെ പ്രാഥമികമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ അജ്ഞത മൂലം കൂടുതല്‍ സങ്കീര്‍ണമായ അപകടവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോയ ദുരവസ്ഥ മനസിലാക്കിയാണ് ഇത്തരമൊരു പരിശീല കളരി ആരംഭിക്കുന്നതെന്ന് ഡോ. ടോണി ഫെര്‍ണാണ്ടസ് പറഞ്ഞു.
കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോം ഓഡിറ്റോറിയത്തില്‍ വെച്ച് ഡയറക്ടര്‍ ഫാ. ജോസ് ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ പാലിയേറ്റീവ് കെയര്‍ കണ്‍സോര്‍ഷ്യം ജില്ലാ പ്രസിഡന്റ് ഡോ. സി.എം. ഹൈദര്‍ അലി, ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി, പ്രസിഡന്റ അഡ്വ. ചാര്‍ളി പോള്‍, കണ്‍വീനര്‍ ജോബി തോമസ്, റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ജില്ലാ കോഡിനേറ്റര്‍ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
കേരള വ്യാപകമായി താല്‍പ്പര്യമുള്ള റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴി പൊതുജനങ്ങള്‍ക്ക് പ്രാഥമിക അത്യാഹിത പരിചരണ പരിശീലനം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ താല്‍പ്പര്യമുള്ള സംഘടനകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കും. ഫോണ്‍: 9747474715.