വൈപ്പിന്‍: വിവാഹ പരസ്യം നല്‍കി പരിചയപ്പെട്ട് ഓണ്‍ലൈനായി യുവാവിന്റെ 40 ലക്ഷത്തോളം രൂപ കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം വേങ്ങര വൈദ്യര്‍ വീട്ടില്‍ മുജീബ് റഹ്മാനെ(45)യാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്.
മാട്രിമോണിയല്‍ പരസ്യം വഴിയാണ് സംഘത്തിന്റെ വാട്ട്‌സ് ആപ്പ് നമ്പര്‍ യുവാവിനു ലഭിച്ചത്. ബന്ധപ്പെട്ടപ്പോള്‍ പേര് ശ്രുതി എന്ന് യുവാവിനോട് പറഞ്ഞു. ബംഗളുരുവില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും ജോലി യു.കെയിലാണെന്നും യുവതി അറിയിച്ചു.
ഇത്തരത്തില്‍ യുവാവുമായി സൗഹൃദം സ്ഥാപിച്ച യുവതി വിവാഹ വാഗ്ദാനവും നല്‍കി. തുടര്‍ന്ന് ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗ് ലാഭകരമാണെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് കുകൊയിന്‍ ആപ്പ്, ഡ്യൂണ്‍ കോയിന്‍ ആപ്പ് എന്നിവ യുവാവിനെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചു.
2023 ഒക്ടോബര്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള പല ദിവസങ്ങളിലായി കുകൊയിന്‍ സെല്ലര്‍മാരില്‍ നിന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്‌റ്റോ കറന്‍സി വാങ്ങിപ്പിച്ച് ഡ്യൂണ്‍കൊയിന്‍ ട്രെഡിംഗ് ആപ്പില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കസ്റ്റമര്‍ കെയര്‍ മുഖാന്തിരം വിവിധ അക്കൗണ്ടുകളിലേക്കായി 2023 ഒക്ടോബര്‍ ആറു മുതല്‍ 2024 ഫെബ്രുവരി വരെയുള്ള പല ദിവസങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് 32,93,306 രൂപയും തട്ടിയെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.