ആലപ്പുഴ: ഹരിപ്പാട് ടെലികോളര്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം കംബോഡിയയില്‍ എത്തിച്ച് നിയമവിരുദ്ധ ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ചിങ്ങോലി കൊച്ചുതെക്കതില്‍ വീട്ടില്‍ ബിനീഷ് കുമാറി(34)നെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റു ചെയ്തത്. മൂന്നാറില്‍ നിന്നാണ് പ്രതി പിടിയിലായത്.
മുതുകുളം ചേപ്പാട് കന്നിമേല്‍ ശാന്താലയം വീട്ടില്‍ അക്ഷയാണ് കബളിപ്പിക്കപ്പെട്ടത്. 1,65,000 രൂപയാണ് ഇയാളില്‍നിന്ന് തട്ടിയെടുത്തത്. മാര്‍ച്ച് 21നാണ് അക്ഷയിനെ കംബോഡിയയിലേക്ക് ജോലിക്ക് കൊണ്ടു പോയത്. എന്നാല്‍ കംബോഡിയയില്‍ എത്തിച്ചശേഷം വാഗ്ദാനം ചെയ്ത ടെലികോളര്‍ ജോലിയ്ക്കു പകരം സമൂഹമാധ്യമങ്ങളിലൂടെ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആള്‍ക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന ജോലിയാണ് നിയോഗിച്ചത്
ഈ ജോലിചെയ്യാന്‍ വിസമ്മതിച്ചതോടെ അക്ഷയിനെ ഇരുട്ടു മുറിയിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു. അക്ഷയിന്റെ അച്ഛന്‍ ശാന്തകുമാരന്‍ വിവരം ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചു. തുടര്‍ന്ന്, എംബസി ഇടപെടുകയും അക്ഷയിനെയും ഒപ്പമുണ്ടായിരുന്ന അറുപതോളം ഇതര സംസ്ഥാനക്കാരായ യുവാക്കളെ മോചിപ്പിച്ചിച്ച് മേയ് 24ന് തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസില്‍ കൂടുതല്‍ പേരുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.